ഇതുവരെ ആദ്യ ഓവറില്‍ ഒരൊറ്റ ബൗണ്ടറി മാത്രം, കളിച്ചത് 40 പന്തുകളും; വന്‍ നാണക്കേടായി കെ എല്‍ രാഹുല്‍

ഇക്കുറി ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറിലെ ആറ് പന്തും പാഴാക്കി കെ എല്‍ രാഹുല്‍ നാണംകെട്ടിരുന്നു

This is how KL Rahul performed badly in first overs in T20 World Cup 2022

അഡ്‌ലെയ്‌‌ഡ്: ട്വന്‍റി 20 ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ ആത്മവിശ്വാസം കൂട്ടുന്ന ഓവറുകളാണ് ആദ്യ പവര്‍പ്ലേയിലേത്. ഫീല്‍ഡിംഗ് നിയന്ത്രണത്തിന്‍റെ ആനൂകൂല്യം മുതലാക്കി ആദ്യ ഓവറിലെ ബൗളര്‍മാരെ കടന്നാക്രമിക്കുകയാണ് ഓപ്പണര്‍മാരുടെ ശൈലി. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ കാര്യം. ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ ആദ്യ ഓവറില്‍ സ്ട്രൈക്ക് കൈമാറാന്‍ പോലും വലിയ താല്‍പര്യമില്ലാതെയാണ് രാഹുല്‍ ബാറ്റ് ചെയ്യുന്നത്. ഇതിനൊരു മാറ്റം ഇന്ന് ഇംഗ്ലണ്ടിനെതിരെ സെമിയില്‍ രാഹുലിന്‍റെ ഭാഗത്തുനിന്നുണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഇക്കുറി ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറിലെ ആറ് പന്തും പാഴാക്കി കെ എല്‍ രാഹുല്‍ നാണംകെട്ടിരുന്നു. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ബൗണ്ടറി മാത്രമേ രാഹുല്‍ ആദ്യ ഓവറില്‍ നേടിയുള്ളൂ. അഞ്ച് മത്സരങ്ങളിലെ ആദ്യ ഓവറുകളിലായി ആകെ 40 പന്തുകള്‍ നേരിട്ടപ്പോള്‍ റണ്‍ സമ്പാദ്യം വെറും 16ല്‍ ഒതുങ്ങി. ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ ഈ മെല്ലെപ്പോക്കില്‍ രാഹുലിനെതിരെ വിര്‍ശനം ശക്തമായിരുന്നു. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ബാറ്റിംഗ് ട്രാക്കിലെത്താന്‍ പാടുപെട്ട രാഹുല്‍ സിംബാബ്‌വെക്കെതിരെ അവസാന സൂപ്പര്‍-12 മത്സരത്തില്‍ 35 പന്തില്‍ 51 റണ്‍സുമായി ഫോം ഉറപ്പാക്കിയിട്ടുണ്ട്. തൊട്ടുമുമ്പ് ബംഗ്ലാദേശിനെതിരായ മത്സരത്തിലും രാഹുല്‍ അര്‍ധസെഞ്ചുറി(32 പന്തില്‍ 50) നേടിയിരുന്നു. 

ഇന്ന് അഡ്‌ലെയ്‌ഡ് ഓവലില്‍ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.30നാണ് ഇംഗ്ലണ്ടിനെതിരായ സെമി ആരംഭിക്കുന്നത്. അഡ്‌ലെയ്‌ഡില്‍ മത്സരത്തിന് മഴ ഭീഷണിയില്ല. ഇംഗ്ലണ്ടിനെതിരെ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും പവര്‍പ്ലേയില്‍ നല്‍കുന്ന തുടക്കം ടീം ഇന്ത്യക്ക് നിര്‍ണായകമാകും. ശേഷം സൂര്യകുമാര്‍ യാദവും വിരാട് കോലിയായിരിക്കും ബാറ്റിംഗില്‍ ശ്രദ്ധാകേന്ദ്രങ്ങള്‍. അതിശക്തമായ ബാറ്റിംഗ് നിര ഇംഗ്ലണ്ടിനുമുണ്ട്. എന്നാല്‍ ഈ ലോകകപ്പില്‍ ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞ മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. 

അഡ്‌ലെയ്‌ഡില്‍ രാത്രി മഴയായിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് സെമി മുടങ്ങുമോ?

Latest Videos
Follow Us:
Download App:
  • android
  • ios