മറക്കില്ലൊരിക്കലും, നടന്നടിച്ച കൂറ്റന്‍ സിക്‌സറുകള്‍...; വിരമിച്ച റോബിന്‍ ഉത്തപ്പയ്‌ക്ക് ആശംസാപ്രവാഹം
രാജ്യത്തെയും കര്‍ണാടകയേയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഏറ്റവും വലിയ ബഹുമതിയാണ് എന്ന് റോബിന്‍ ഉത്തപ്പ
ബെംഗളൂരു: ക്രീസില്‍ നിന്ന് ചടുലതാളത്തോടെ നടന്നിറങ്ങി ഗാലറിയിലേക്ക് പറത്തുന്ന കൂറ്റന്‍ സിക്‌സറുകള്‍. റോബിന്‍ ഉത്തപ്പയെ ഓര്‍ക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഈ ഒരൊറ്റ കാഴ്‌ച മതി. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച് ഉത്തപ്പ പടിയിറങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ബാക്കിയാവുന്നതും ആ കാഴ്‌ച തന്നെ. 2006ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച് തൊട്ടടുത്ത വര്‍ഷം ടി20 ലോകകപ്പ് ഉയര്‍ത്തിയ ടീമിലംഗമായ ഉത്തപ്പ ഐപിഎല്ലില്‍ ഇതിഹാസമായി പേരെടുത്താണ് മടങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി അവസാനം കളിച്ച താരത്തിന് മലയാളക്കരയില്‍ ആരാധകരേറെ. ഉത്തപ്പ പാഡഴിക്കുമ്പോള്‍ താരത്തിന് നന്ദിയും ആശംസയും കുറിക്കുകയാണ് കായിക പ്രേമികള്‍.
'രാജ്യത്തെയും കര്‍ണാടകയേയും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഏറ്റവും വലിയ ബഹുമതിയാണ്. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. നന്ദിയുള്ള ഹൃദയത്തോടെ, ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്' എന്നാണ് വിരമിക്കല്‍ സന്ദേശത്തില്‍ ഉത്തപ്പ കുറിച്ചത്. ഇതിന് പിന്നാലെ താരത്തെ തേടി അനേകം ആശംസകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു.
കിരീടങ്ങളുടെ തോഴനായ ഉത്തപ്പ
മുപ്പത്തിയാറാം വയസിലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് റോബിന്‍ ഉത്തപ്പ വിരമിക്കുന്നത്. 2002-2003 സീസണില്‍ കര്‍ണാടകയ്ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ ഇന്നിംഗ്‌സ് തുടങ്ങിയ ഉത്തപ്പ 2004ലെ അണ്ടര്‍ 19 ലോകകപ്പ് സ്‌ക്വാഡിലൂടെയാണ് റോബിന്‍ ഉത്തപ്പ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച താരം 46 ഏകദിനങ്ങളും 13 ടി20കളും നീലപ്പടയ്ക്കായി കളിച്ചു. ഏകദിനത്തില്‍ 934 ഉം രാജ്യാന്തര ടി20യില്‍ 249 റണ്‍സുമാണ് സമ്പാദ്യം. 142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 22 സെഞ്ചുറികളോടെ 41നടുത്ത് ശരാശരിയില്‍ 9446 റണ്‍സ് നേടി.
ഐപിഎല്ലില്‍ 15 സീസണുകളിലും കളിച്ച താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, പുനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിങ്ങനെ ആറ് ടീമുകളെ പ്രതിനിധീകരിച്ചു. ഐപിഎല്ലില്‍ 205 മത്സരങ്ങളില്‍ 130.35 സ്ട്രൈക്ക് റേറ്റിലും 27.51 ശരാശരിയിലും 4952 റണ്‍സാണ് സമ്പാദ്യം.
2007ലെ ടി20 ലോകകപ്പില്‍ തുടങ്ങി കരിയറില്‍ ഒരുപിടി കിരീട നേട്ടങ്ങളുണ്ട് റോബിന്‍ ഉത്തപ്പയ്‌ക്ക്. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പവും ഐപിഎല്‍ കിരീടം ചൂടി. 2013-14, 2014-15 വര്‍ഷങ്ങളില്‍ രഞ്ജി ട്രോഫി കിരീടം നേടിയ ടീമുകളില്‍ അംഗമായി. ഇതേ കാലയളവില്‍( 2013-14 & 2014-15 ) തന്നെ ഇറാനി ട്രോഫിയും സ്വന്തം. ഐപിഎല്ലില്‍ 2014 സീസണില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും 2007 ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 39 പന്തില്‍ 50 റണ്‍സ് നേടിയതും വ്യക്തിഗത മികവിന് ഉദാഹരണങ്ങളാണ്.
Read More: റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു