'മാ തുഛേ സലാം', ആവേശം, രോമാഞ്ചം, വാംഖഡെയിലെ പതിനായിരങ്ങള്‍ക്കൊപ്പം വന്ദേമാതരം ഏറ്റുപാടി ടീം ഇന്ത്യ
ഇന്ത്യൻ താരങ്ങള്‍ ആരാധകര്‍ക്കൊപ്പം വന്ദേമാതരം പാടുന്ന വീഡിയോക്ക് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്.
മുംബൈ: ടി20 ലോകകപ്പ് കീരീടവുമായി മുംബൈയിലെത്തിയ ടീം ഇന്ത്യയെ സ്വീകരിക്കാന്‍ എത്തിയത് ആയിരക്കണക്കിനാരാധകര്‍. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യൻ ടീമിന്‍റെ വിജയാഘോഷം.
ബിസിസിഐയുടെ സ്വീകരണം ഏറ്റുവാങ്ങിയശേഷം സ്റ്റേഡിയം വലംവെച്ച ഇന്ത്യൻ ടീം അംഗങ്ങള്‍ എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ വന്ദേമാതരം കാണികള്‍ക്കൊപ്പം ഏറ്റുപാടിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. ഇന്ത്യൻ പതാകയുമായി വിരാട് കോലിയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമെല്ലാം ആവേശത്തോടെ വന്ദേമാതരം പാടി സ്റ്റേഡിയം വലം വെക്കുമ്പോള്‍ സ്റ്റേഡിയത്തിലെ ആരാധകരിലാരോ ഒരാള്‍ ഹാര്‍ദ്ദിക്കിന്‍റെ കൈകളിലേക്ക് ജേഴ്സി ഊരി എറിഞ്ഞു.
ഇന്ത്യൻ താരങ്ങള്‍ ആരാധകര്‍ക്കൊപ്പം വന്ദേമാതരം പാടുന്ന വീഡിയോക്ക് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. നേരത്തെ തുറന്നബസില്‍ വിക്ടറി പരേഡ് നടത്തി മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെയിലെത്തിയ ടീം ഇന്ത്യയെ കാണാന്‍ റോഡിന് ഇരുവശവും ആയിരക്കണക്കിനാരാധകരാണ് ഒത്തുകൂടിയത്. ബസില്‍ പിന്നില്‍ നിന്ന രോഹിത്തിനെ മുന്നിലേക്ക് കൊണ്ടുവന്ന കോലി രോഹിത്തിനൊപ്പം ചേര്‍ന്ന് ലോകകപ്പ് ട്രോഫി ഉയര്‍ത്തിയപ്പോള്‍ ആരാധകര്‍ ആവേശക്കടലായി.
वंदे मातरम 🇮🇳 pic.twitter.com/j5D4nMMdF9
— BCCI (@BCCI) July 4, 2024
വാംഖഡെ സ്റ്റേഡിയത്തില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാറും മലയാളി താരം സഞ്ജു സാംസണുമെല്ലാം നൃത്തം ചെയ്ത് വിജയമാഘോഷിച്ചപ്പോള്‍ ആരാധകരും അവരുടെ ആവേശത്തില്‍ പങ്കുചേര്‍ന്നു. ഇന്നലെ രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്നിശമനസേന സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക