ഇനിയത്രെ പേടിക്കാനില്ല; ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ
അവസാന മത്സരത്തില്‍ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളി. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഇന്ത്യ അനായാസമായി ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജയിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റാവും.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ജയത്തോടെ സെമി സാധ്യതകള്‍ ഇന്ത്യ സജീവമാക്കി. ഇനി ഇന്ത്യ പുറത്താവണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്ക് പുറമെ ദക്ഷിണാഫ്രിക്കയ്ക്കും സെമി സാധ്യതയുണ്ട്.
അവസാന മത്സരത്തില്‍ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളി. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഇന്ത്യ അനായാസമായി ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജയിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റാവും. അവസാന മത്സരത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാനെ അട്ടിമറിച്ചാല്‍ പോലും അവര്‍ക്ക് സെമി കാണാന്‍ പറ്റില്ല. ഇനി, സിംബാബ്‌വെ ഇന്ത്യയെ അട്ടിമറിച്ചാലും ബംഗ്ലാദേശിന്റെ സാധ്യതകള്‍ വിരളമാണ്.
സിംബാബ്‌വെ ജയിച്ചാല്‍ ഇന്ത്യ ആറ് പോയിന്റില്‍ നില്‍ക്കും. അവസാന മത്സരത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രം പോര. മികച്ച റണ്‍റേറ്റില്‍ ജയിക്കണം. പാകിസ്ഥാന്റെ ബൗളിംഗ് വച്ച് ഇന്ത്യയുടെ നെറ്റ് റേറ്റ് മറികടക്കുക പ്രയാസമായിരിക്കും. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്ക അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നാളെ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ നാലാം മത്സരം.
ബംഗ്ലാദേശിനെതിരെ വിസ്മയ തിരിച്ചുവരവില്‍ മഴനിയമപ്രകാരം 5 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന സ്‌കോറില്‍ തളയ്ക്കുകയായിരുന്നു. 7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളേയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്. അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ വിരാട് കോലി (64), കെ എല്‍ രാഹുല്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.