ഐപിഎല്‍ താരലേലം കൊച്ചിയില്‍ പൊടിപൊടിക്കും; താരങ്ങളുടെ ചുരുക്ക പട്ടികയായി
ഡിസംബര്‍ 23ന് കൊച്ചിയില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 2.30 മുതലാണ് താരലേലം
മുംബൈ: ഐപിഎല്‍ 2023 മിനി താരലേലത്തിനായി രജിസ്റ്റര്‍ ചെയ്‌ത താരങ്ങളുടെ 405 പേരുടെ ചുരുക്ക പട്ടികയായി. 991 പേരാണ് നേരത്തെ ലേലത്തിനായി രജസിറ്റര്‍ ചെയ്‌തിരുന്നത്. പുതുക്കിയ പട്ടികയില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 പേര്‍ വിദേശികളുമാണ്. ഇവരില്‍ നാല് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 119 താരങ്ങള്‍ ക്യാപ്‌ഡ് പ്ലെയേര്‍സും 282 പേര്‍ അണ്‍ക്യാപ്‌ഡ് കളിക്കാരുമാണ്. പരമാവധി 87 താരങ്ങളുടെ ഒഴിവുകളാണ് എല്ലാ ടീമുകളിലുമായി നികത്താനുള്ളത്. ഇവയില്‍ 30 സ്ഥാനങ്ങള്‍ വിദേശ കളിക്കാര്‍ക്ക് വേണ്ടിയുള്ളതാണ്.
ഒരു സ്‌ക്വാഡില്‍ എട്ട് വിദേശ താരങ്ങള്‍ക്കാണ് പരമാവധി ഇടം. ഡിസംബര്‍ 23ന് കൊച്ചിയില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 2.30 മുതലാണ് താരലേലം. ഏറ്റവും ഉയര്‍ന്ന റിസര്‍വ് തുകയായ രണ്ട് കോടിയില്‍ 19 വിദേശ താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വിലയ്‌ക്ക് 11 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളില്‍ മനീഷ് പാണ്ഡെയും മായങ്ക് അഗര്‍വാളുമുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 20.45 കോടി രൂപയും ഡല്‍ഹി ക്യാപിറ്റല്‍സിന് 19.45 കോടിയും ഗുജറാത്ത് ടൈറ്റന്‍സിന് 19.25 കോടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7.05 കോടിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 23.35 കോടി രൂപയും മുംബൈ ഇന്ത്യന്‍സിന് 20.55 കോടിയും പഞ്ചാബ് കിംഗ്‌സിന് 32.2 കോടിയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 8.75 കോടിയും രാജസ്ഥാന്‍ റോയല്‍സിന് 13.2 കോടിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 42.25 കോടി രൂപയുമാണ് ലേലത്തില്‍ പരമാവധി ചിലവഴിക്കാനായി അവശേഷിക്കുന്നത്. ചെന്നൈയില്‍ 7 ഉം ഡല്‍ഹിയില്‍ 5 ഉം ഗുജറാത്തില്‍ 7 ഉം കൊല്‍ക്കത്തയില്‍ 11 ഉം ലഖ്‌നൗവില്‍ 10 ഉം മുംബൈയിലും പഞ്ചാബിലും 9 വീതവും ബാംഗ്ലൂരില്‍ 7 ഉം രാജസ്ഥാനില്‍ 9 ഉം സണ്‍റൈസേഴ്‌സില്‍ 13 ഉം താരങ്ങളുടെ ഒഴിവാനുള്ളത്.
അടുത്ത ഐപിഎല്ലില്‍ കളി മാറും; വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ