ഞങ്ങള്‍ക്ക് ഇനിയും സെമി ഫൈനല്‍ സാധ്യതയുണ്ട്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് താരം ടസ്‌കിന്‍ അഹമ്മദ്
ഒരാള്‍ പരാജയപ്പെട്ടാല്‍ മാത്രം പോര. ബംഗ്ലാദേശ്, പാകിസ്ഥാനെതിരെ ജയിക്കുകയും വേണം. ഇതേ സാധ്യത പാകിസ്ഥാനും നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനൊപ്പം നാല് പോയിന്റാണുള്ളത്.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് ഇപ്പോഴും സെമി ഫൈനല്‍ സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പ് രണ്ടില്‍ നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്. നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് ഷാക്കിബ് അല്‍ ഹസനും സംഘത്തിനുമുള്ളത്. സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരോണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. അവര്‍ക്കിനി സെമിയില്‍ കടക്കണമെങ്കില്‍ ഒരു സാധ്യതയേ ഒള്ളൂ. ദക്ഷിണാഫ്രിക്കയോ ഇന്ത്യയോ അവരുടെ അവസാന മത്സരത്തില്‍ പരാജയപ്പെടണം.
എന്നാല്‍ അതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഇരുവര്‍ക്കും. ഇന്ത്യ, സിംബാബ്‌വെയേയും ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സിനേയുമാണ് നേരിടുക. ഒരാള്‍ പരാജയപ്പെട്ടാല്‍ മാത്രം പോര. ബംഗ്ലാദേശ്, പാകിസ്ഥാനെതിരെ ജയിക്കുകയും വേണം. ഇതേ സാധ്യത പാകിസ്ഥാനും നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനൊപ്പം നാല് പോയിന്റാണുള്ളത്. നേരിയ സാധ്യതയാണെങ്കില്‍ പോലും ബംഗ്ലാ പേസര്‍ ടസ്‌കിന്‍ അഹമ്മദിന് ഇപ്പോഴും വിശ്വാസമുണ്ട് സെമിയിലെത്തുമെന്നുള്ള കാര്യത്തില്‍.
അദ്ദേഹം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ''ഗ്രൂപ്പിലേക്ക് നോക്കൂ, എത്ര ത്രില്ലിംഗായിട്ടാണ് മത്സരം അവസാനിക്കുന്നത്. എന്ത് വേണമെങ്കിലും സംഭവിക്കാം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ബാഗ്ലാദേശും സെമിയില്‍ കടക്കും. അവസാന മത്സരത്തിലും ആത്മാര്‍ത്ഥതയോടെ കളിക്കും. ആദ്യം മത്സരം ജയിക്കാനാണ് നോക്കുന്നത്. കണക്കുകൂട്ടലുകളെല്ലാം പിന്നീട്.'' ടസ്‌കിന്‍ പറഞ്ഞു.
എതിരാളിയായ പാകിസ്ഥാനെ കുറിച്ചും ടസ്‌കിന്‍ സംസാരിച്ചു. ''പാകിസ്ഥാന് മികച്ച ടീമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എല്ലാ ഫോര്‍മാറ്റിലും അവര്‍ ശക്തരാണ്. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ടീമിന് ജയിക്കാനാവൂ. ഓരോ മത്സരത്തിലും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പത്തേക്കാള്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ബംഗ്ലാദേശിന് സാധിക്കുന്നുണ്ട്.'' ടസ്‌കിന്‍ പറഞ്ഞു.
നാല് മത്സരത്തില്‍ നാല് പോയിന്റോടെ പാകിസ്ഥാനൊപ്പമാണെങ്കിലും ബംഗ്ലാദേശിന് നെറ്റ് റണ്‍റേറ്റ് കുറവാണ്. -1.276 ആണ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ ടീമിന് എന്തെങ്കിലും സാധ്യത അവശേഷിക്കൂ.