'താലിബാന്‍ ക്രിക്കറ്റിനും സ്‌ത്രീകള്‍ക്കും അനുകൂലം'; പ്രശംസിച്ച് അഫ്രീദി, രൂക്ഷ വിമര്‍ശനം
ഇക്കുറി വളരെ നല്ല ഉദേശത്തോടെയാണ് താലിബാന്‍ അധികാരം പിടിച്ചിരിക്കുന്നതെന്നും അവര്‍ സ്‌ത്രീകള്‍ക്കും ക്രിക്കറ്റിനും അനുകൂലമാണ് എന്നുമാണ് അഫ്രീദിയുടെ വാക്കുകള്‍
കറാച്ചി: അഫ്‌ഗാനിസ്ഥാന്‍ ജനതയുടെ പലായനം തുടരുന്നതിനിടെ താലിബാന്‍ ഭരണത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇക്കുറി വളരെ നല്ല ഉദേശത്തോടെയാണ് താലിബാന്‍ അധികാരം പിടിച്ചിരിക്കുന്നതെന്നും അവര്‍ സ്‌ത്രീകള്‍ക്കും ക്രിക്കറ്റിനും അനുകൂലമാണ് എന്നുമാണ് അഫ്രീദിയുടെ വാക്കുകള്‍. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് അഫ്രീദിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'താലിബാന്‍ ഇത്തവണ അധികാരത്തില്‍ വന്നിരിക്കുന്നത് വളരെ നല്ല ഉദേശത്തോടെയാണ്. രാഷ്‌ട്രീയത്തിലടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സ്‌ത്രീകളെ അനുവദിക്കുന്നു. താലിബാന്‍ ക്രിക്കറ്റിനെ പിന്തുണയ്‌ക്കുന്നു. അവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്‌ടപ്പെടുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്' എന്നാണ് മാധ്യമങ്ങളോട് ഷാഹിദ് അഫ്രീദി പറഞ്ഞത്. എന്നാല്‍ അഫ്‌ഗാന്‍ ജനത കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സമയത്തുള്ള അഫ്രീദിയുടെ ഈ പ്രതികരണം വലിയ വിമര്‍ശനത്തിന് വഴിതുറന്നുകഴിഞ്ഞു.
ക്രിക്കറ്റിനെ പിന്തുണയ്‌ക്കുമെന്നും അഫ്‌ഗാന്‍ താരങ്ങളുടെ പരാതികള്‍ കേള്‍ക്കുമെന്നും താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്‌ഗാനിസ്ഥാനില്‍ ക്രിക്കറ്റിന് ഒരുതരത്തിലുമുള്ള വിലക്കുണ്ടാകില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഫ്‌ഗാന്‍ നേതാവ് അനസ് ഹഖ്വാനി അഫ്‌ഗാന്‍ താരങ്ങളും ഒഫീഷ്യല്‍സുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ തലവന്‍ അസീസുള്ള ഫസ്‌ലിയെ ബോര്‍ഡിന്‍റെ ആക്‌ടിംഗ് ചെയര്‍മാനായി താലിബാന്‍ നിയമിച്ചിട്ടുണ്ട്.
പിഎസ്‌എല്ലില്‍ തുടര്‍ന്നും കളിക്കണമെന്ന് അഫ്രീദി
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ വരുന്ന എഡിഷനില്‍ ക്വറ്റാ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കാന്‍ താല്‍പര്യമുണ്ട് എന്നും അഫ്രീദി പറഞ്ഞു. ബയോ-ബബിളില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ക്രിക്കറ്റിലെ നിര്‍ണായക താരങ്ങളിലൊരാളായ അഫ്രീദി 37 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 അന്താരാഷ്‌ട്ര ടി20കളും കളിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങി അമേരിക്കൻ സൈന്യം, അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു
ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടി; ബിസിസിഐക്ക് ലഭിക്കുക കുറഞ്ഞ് 5000 കോടി രൂപ!
ലീഡ്‌സിലെ വന്‍ തോല്‍വി, ഓവലില്‍ അഴിച്ചുപണിക്ക് ഇന്ത്യ; ബൗളിംഗ് നിര പൊളിച്ചുപണിയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona