ട്വന്‍റി 20 ലോകകപ്പില്‍ നേപ്പാളിന് കണ്ണീര്‍; അട്ടിമറിക്ക് അരികിലെത്തി ദക്ഷിണാഫ്രിക്കയോട് ഒരു റണ്ണിന് തോറ്റു

ഇഞ്ചോടിഞ്ച് പൊരുതി നേപ്പാള്‍, പക്ഷേ വിനയായി അവസാന പന്തിലെ മണ്ടത്തരം, ഒടുവില്‍ തടിതപ്പി ദക്ഷിണാഫ്രിക്ക, രക്ഷയായത് തബ്രൈസ് ഷംസിയുടെ ലോകോത്തര സ്‌പെല്‍

T20 WorldCup 2024 South Africa won by 1 run after Nepal big battle at Kingstown Tabraiz Shamsi hero

കിംഗ്‌സ്‌ടൗണ്‍: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വമ്പന്‍ അട്ടിമറി പ്രതീക്ഷ നല്‍കി ദക്ഷിണാഫ്രിക്കയോട് കീഴടങ്ങി നേപ്പാള്‍. 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന്‍റെ പോരാട്ടം 20 ഓവറില്‍ 114-6 എന്ന സ്കോറില്‍ അവസാനിച്ചു. 1 റണ്‍സിന് ജയിച്ച പ്രോട്ടീസ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. നാല് ഓവറില്‍ 19 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസിയാണ് ഒരുവേള വിജയപ്രതീക്ഷയിലായിരുന്ന നേപ്പാളില്‍ നിന്ന് മത്സരം തിരികെ പിടിച്ചത്. അവസാന ഓവറുകളിലെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടവും നേപ്പാളിന് കണ്ണീര്‍ സമ്മാനിക്കുന്നതായി. 

ഗ്രൂപ്പ് ഡിയില്‍ നിന്ന് ഇതിനകം സൂപ്പര്‍ 8ലെത്തിയ ദക്ഷിണാഫ്രിക്കയെ നേപ്പാള്‍ ബൗളര്‍മാര്‍ വെള്ളംകുടിപ്പിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 22 റണ്‍സ് ചേര്‍ത്ത പ്രോട്ടീസിന്‍റെ പോരാട്ടം 115 റണ്‍സിലൊതുങ്ങി. വിക്കറ്റ് കീപ്പര്‍ ക്വിന്‍റന്‍ ഡി കോക്ക് 11 പന്തില്‍ 10 റണ്‍സുമായി മടങ്ങിയപ്പോള്‍ സഹ ഓപ്പണര്‍ റീസ ഹെന്‍‌ഡ്രിക്‌സ് 49 പന്തില്‍ 43 എടുത്തു. ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം 22 പന്തില്‍ 15 ഉം, കൂറ്റനടിക്കാരായ ഹെന്‍‌റിച്ച് ക്ലാസന്‍ 5 പന്തില്‍ 3 ഉം, ഡേവിഡ് മില്ലര്‍ 10 പന്തില്‍ 7 ഉം റണ്‍സുമായി മടങ്ങിയത് പ്രോട്ടീസിന് തിരിച്ചടിയായി. മാര്‍ക്കോ യാന്‍സനും (4 പന്തില്‍ 1), കാഗിസോ റബാഡയ്ക്കും (1 പന്തില്‍ 0) ഒന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍ 18 പന്തില്‍ പുറത്താവാതെ 27* റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ നൂറ് റണ്‍സ് കടത്തിയത്. നേപ്പാളിനായി ഏഴ് താരങ്ങള്‍ പന്തെടുത്തപ്പോള്‍ കുശാല്‍ ഭൂര്‍ടെല്‍ നാലോവറില്‍ 19 റണ്‍സിന് നാല് വിക്കറ്റും ദീപേന്ദ്ര സിംഗ് 21 റണ്‍സിന് മൂന്ന് വിക്കറ്റുമായും തിളങ്ങി. 

മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ നേപ്പാള്‍ 32 റണ്‍സെടുത്തു. എന്നാല്‍ എട്ടാം ഓവറില്‍ മത്സരത്തിലെ തന്‍റെ ആദ്യ വരവില്‍ തംബ്രൈസ് ഷംസി ഇരട്ട വിക്കറ്റുമായി നേപ്പാളിനെ വിറപ്പിച്ചു. 21 പന്തില്‍ 13 റണ്‍സ് എടുത്ത ഭൂര്‍ടെലിനെയും 2 പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് ക്യാപ്റ്റന്‍ രോഹിത് പൗഡലിനെയും ഷംസി ബൗള്‍ഡാക്കുകയായിരുന്നു. ഇതിന് ശേഷം കാഗിസോ റബാഡയെ അടക്കം പറത്തി മൂന്നാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്‌ഖും അനില്‍ സായും നേപ്പാളിനെ പക്ഷേ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 24 പന്തുകളില്‍ 27 എടുത്ത അനിലിനെ 14-ാം ഓവറില്‍ മാര്‍ക്രമിന്‍റെ പന്തില്‍ യാന്‍സന്‍ ഗംഭീര ക്യാച്ചില്‍ മടക്കിയപ്പോള്‍ നേപ്പാള്‍ 85 റണ്‍സിലെത്തിയിരുന്നു. ജയിക്കാന്‍ 17 റണ്‍സ് വേണ്ടപ്പോള്‍ 18-ാം ഓവറില്‍ ദീപേന്ദ്ര സിംഗിനെയും (11 പന്തില്‍ 6) ഷംസി പുറത്താക്കിയത് നേപ്പാളിനെ ഞെട്ടിച്ചു. ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ആസിഫിനെ (49 പന്തില്‍ 42) ഇതേ ഓവറില്‍ മടക്കി ഷംസി നാല് വിക്കറ്റ് തികച്ചു. 

അവസാന ഓവറുകളിലെ സമ്മര്‍ദം നേപ്പാളിന് പിന്നീടും അകന്നുനിന്നില്ല. 19-ാം ഓവറിലെ രണ്ടാം പന്തില്‍ കുശാല്‍ മല്ലയെ (3 പന്തില്‍ 1) ആന്‍‌റിച്ച് നോര്‍ക്യ ബൗണ്‍ഡാക്കി. എന്നാല്‍ നോര്‍ക്യയെ പിന്നാലെ സിക്‌സറിന് പറത്തി സോംപാല്‍ കാമി നേപ്പാളിന് പ്രതീക്ഷ നല്‍കി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ ഗുല്‍സാന്‍ ജാ (6 പന്തില്‍ 6) റണ്ണൗട്ടായതാണ് നേപ്പാളിന് തോല്‍വി സമ്മാനിച്ചത്. ഒന്ന് ആഞ്ഞ് ശ്രമിച്ചിരുന്നെങ്കില്‍ ജായ്‌ക്ക് ക്രീസിലെത്താമായിരുന്നു. കാമി നാല് ബോളുകളില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു. 

Read more: മഴപ്പേടിയില്‍ ഫ്ലോറിഡ; ഇന്ത്യ-കാനഡ മത്സരം ഇന്ന്; സഞ്ജു സാംസണ്‍ കളിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios