നമീബിയയുടെ വഴി മുടക്കി യുഎഇ, ചരിത്ര ജയം, ശ്രീലങ്കക്കൊപ്പം നെതര്‍ലന്‍ഡ്സ് സൂപ്പര്‍ 12ല്‍
നെറ്റ് റണ്‍റേറ്റില്‍ നമീബിയയെക്കാള്‍ പിന്നിലായിട്ടും രണ്ട് വിജയങ്ങളുടെ കരുത്തില്‍ നെതര്‍ലന്‍ഡ്സും സൂപ്പര്‍ 12ല്‍ എത്തി. ടി20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും യുഎഇയും നമീബിയയും സൂപ്പര്‍ 12ല്‍ എത്താതെ പുറത്തായി.
ഗീലോങ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയെ വീഴ്ത്തി യഎഇക്ക് ആദ്യ ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ട പോരാട്ടത്തില്‍ ഏഴ് റണ്‍സിനാണ് യുഎഇയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ നമീബിയക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 36 പന്തില്‍ 55 റണ്‍സെടുത്ത ഡേവിഡ് വീസ് അവസാന ഓവര്‍ വരെ പോരാടിയെങ്കിലും അവസാന ഓവറില്‍ പുറത്തായത് നമീബിയക്ക് തിരിച്ചടിയായി. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇയുടെ ആദ്യ ജയമാണിത്. സ്കോര്‍ യുഎഇ 20 ഓവറില്‍ 148-3, നമീബിയ 20 ഓവറില്‍ 141-8.
യഎഇക്കെതിരെ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു നമീബിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് വസീം എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തിലും മൂന്ന് സിംഗിളുകളെടുക്കാനെ നമീബിയക്കായുള്ളു. നാലാം പന്തില്‍ സിക്സിന് ശ്രമിച്ച വീസ് ലോംഗ് ഓണില്‍ അലിഷാന്‍ ഷറഫുവിന് ക്യാച്ച് നല്‍കി മടങ്ങിയ. അവസാന രണ്ട് പന്തിലും സിംഗിളുകള്‍ മാത്രമാണ് നമീബിയക്ക് നേടാനായത്. നമീബിയ തോറ്റതോടെ എ ഗ്രൂപ്പില്‍ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ 12ല്‍ എത്തി.
നെറ്റ് റണ്‍റേറ്റില്‍ നമീബിയയെക്കാള്‍ പിന്നിലായിട്ടും രണ്ട് വിജയങ്ങളുടെ കരുത്തില്‍ നെതര്‍ലന്‍ഡ്സും സൂപ്പര്‍ 12ല്‍ എത്തി. ടി20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും യുഎഇയും നമീബിയയും സൂപ്പര്‍ 12ല്‍ എത്താതെ പുറത്തായി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ചതിന്‍റെ ഓര്‍മകളുമായി നമീബിയക്കും ചരിത്ര വിജയം സ്വന്തമാക്കിയതിന്‍റെ അഭിമാനത്തില്‍ മലയാളി നായകന്‍ സി പി റിസ്‌വാന്‍ നയിക്കുന്ന യുഎഇക്കും നാട്ടിലേക്ക് മടങ്ങാം.
ന്യൂസിലന്‍ഡിനെതിരായ മത്സരം മഴ കളിച്ചു; വെള്ളത്തിലായത് രോഹിത്തിന്‍റെ പ്ലാന്‍, കനത്ത ആശങ്ക
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ ഓപ്പണര്‍ മുഹമ്മദ് വസീം(41 പന്തില്‍ 50), അരവിന്ദ്(21), സി പി റിസ്‌വാന്‍(29 പന്തില്‍ 41*) ബേസില്‍ ഹമീദ്(14 പന്തില്‍ 25*) എന്നിവരുടെ ഇന്നിംഗ്സുകളുടെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗില്‍ വീസിനൊപ്പം റൂബന്‍ ട്രംപിള്‍മാന്‍(24 പന്തില്‍ 25*) മാത്രമെ നമീബിയക്കായി പൊരുതിയുള്ളു. 69-7ലേക്ക് തകര്‍ന്ന നമീബിയയെ വൈസ്-ട്രംപിള്‍മാന്‍ സഖ്യമാണ് ജയത്തിന് അടുത്തെത്തിച്ചത്