ടി20 ലോകകപ്പ് ഫൈനല്‍: പവര്‍ പ്ലേയില്‍ റിസ്‌വാന്‍ മടങ്ങി; ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍റെ തുടക്കം കരുതലോടെ
ഇംഗ്ലണ്ടിനായി ആദ്യ ഓവര്‍ എറിയാനെത്തിയത് ബെന്‍ സ്റ്റോക്സായിരുന്നു. സ്റ്റോക്സിന്‍റെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ട് നോ ബോളായി. ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും പാക്കിസ്ഥാന് മുതലാക്കാനായില്ല.
മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ്. ഏഴ് പന്തില്‍ നാല് റണ്‍സോടെ മുഹമ്മദ് ഹാരിസും 16 പന്തില്‍ 16 റണ്‍സുമായി ബാബര്‍ അസമും ക്രീസില്‍.
നോ ബോളോടെ തുടക്കം, ആദ്യ ബൗണ്ടറി നാലാം ഓവറില്‍
ഇംഗ്ലണ്ടിനായി ആദ്യ ഓവര്‍ എറിയാനെത്തിയത് ബെന്‍ സ്റ്റോക്സായിരുന്നു. സ്റ്റോക്സിന്‍റെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ട് നോ ബോളായി. ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും പാക്കിസ്ഥാന് മുതലാക്കാനായില്ല. ഫ്രീ ഹിറ്റ് കിടിയിട്ടും ആദ്യ ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. ക്രിസ് വോക്സ് രണ്ടാം ഓവര്‍ വൈഡോടെ തുടങ്ങിയെങ്കിലും ആ ഓവറില്‍ നാലു റണ്‍സ് മാത്രമെ പാക് ഓപ്പണര്‍മാര്‍ക്ക് നേടാനായുള്ളു. സാം കറന്‍ എറിഞ്ഞ മൂന്നാം ഓവറിലും നാല് റണ്‍സ് നേടി കരുതലോടെ തുടങ്ങിയ റിസ്‌വാനും ബാബറും വോക്സിന്‍റെ നാലാം ഓവറിലാണ് കെട്ടുപൊട്ടിച്ചത്.
സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിനിടെ വീണ് ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ കാലൊടിഞ്ഞു, മൂന്ന് മാസം വിശ്രമം
വോക്സ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സ് പറത്തി റിസ്‌വാന്‍ ആ ഓവറില്‍ 12 റണ്‍സടിച്ച് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കി. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് റിസ്‌വാനെ(14 പന്തില്‍ 15) ബൗള്‍ഡാക്കി സാം കറന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്‍സൈഡ് എഡ്ജായാണ് റിസ്‌വാന്‍ ബൗള്‍ഡായത്.
വണ്‍ഡൗണായി എത്തി മുഹമ്മദ് ഹാരിസ് ആദ്യ പന്ത് മുതല്‍ അടിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും ഏഴാം പന്തിലാണ് ആദ്യ റണ്ണെടുത്തത്. പവര്ഡ പ്ലേയിലെ അവസാന പന്ത് ബൗണ്ടറി കടത്തി ഹാരിസ് അക്കൗണ്ട് തുറന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലില്ല. ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടം ജയിച്ച ടീമില്‍ പാക്കിസ്ഥാനും മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഫൈനലിന് മഴ ഭീഷണിയുള്ളതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്ക് മുന്‍തൂക്കമുണ്ട്. മെല്‍ബണിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതിയെങ്കിലും ഇംഗ്ലീഷ് പേസര്‍മാരില്‍ നിന്ന് ആദ്യ ആറോവറില്‍ വലിയ ഭീഷണിയൊന്നും ബാബറിനും റിസ്‌വാനും നേരിടേണ്ടിവന്നില്ല.