T20 World Cup| ഇംഗ്ലണ്ട് മറന്നുകാണില്ല 2019 ലോകകപ്പ് ഫൈനല്‍; ന്യൂസിലന്‍ഡിന് കണക്ക് തീര്‍ക്കാനുണ്ട്

രണ്ട് റണ്‍സ് കൂടി നേടി ഇംഗ്ലണ്ട് ഒപ്പമെത്തി. മത്സരം സൂപ്പര്‍ ഓവറിലെത്തിയപ്പോഴും ടൈ. കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ടിന് കിരീടം. 

T20 World Cup Cricket fans remembers 2019 Odi WC final while New Zealand takes England

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കാനുണ്ട് ന്യൂസീലന്‍ഡിന്. ലോകകിരീടം കൈയ്യെത്തും ദൂരത്ത് അംപയറുടെ പിഴവിലൂടെയാണ് അന്ന് കിവിസിന് നഷ്ടമായത്. പ്രതിഭകള്‍ക്ക് പഞ്ഞമില്ല. എന്നാല്‍ ലോകകിരീടം കിട്ടാക്കനി.

ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും കെയ്ന്‍ വില്യംസണിനും സംഘത്തിനും മതിയാകില്ല. ഇംഗ്ലണ്ടിനെ മറികടന്നാല്‍ അതൊരു മധുരപ്രതികാരവും. 2019 ലോകകപ്പില്‍ കിരീടമുറപ്പിച്ചായിരുന്നു കിവീസ് മുന്നേറ്റം. ഫൈനലില്‍ 242 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ വച്ചതെങ്കിലും കെയ്ന്‍ വില്യംസണിന്റെ തന്ത്രങ്ങള്‍ ഫലംകണ്ടപ്പോള്‍ കളിയുടെ കടിഞ്ഞാണ്‍ കിവീസിന്റെ കൈയ്യില്‍.

അവസാന ഓവറില്‍ പക്ഷേ നിര്‍ഭാഗ്യം കറുപ്പ് കുപ്പായക്കാരുടെ വഴി തടഞ്ഞു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഫീല്‍ഡ് ചെയ്തശേഷം എറിഞ്ഞ പന്ത് സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക്. അഞ്ച് റണ്‍സ് നല്‍കുക എന്നതാണ് നിയമമെങ്കിലും ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേന ഇംഗ്ലണ്ടിന് നല്‍കിയത് ആറ് റണ്‍സ്. 

രണ്ട് റണ്‍സ് കൂടി നേടി ഇംഗ്ലണ്ട് ഒപ്പമെത്തി. മത്സരം സൂപ്പര്‍ ഓവറിലെത്തിയപ്പോഴും ടൈ. കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ടിന് കിരീടം. ലോര്‍ഡ്‌സില്‍ നിരാശയോടെ കളംവിട്ട കിവീസ് അബുദാബിയില്‍ എന്താകും ബാക്കിവയ്ക്കുക.?

Latest Videos
Follow Us:
Download App:
  • android
  • ios