ചുഴലിക്കാറ്റും കനത്ത മഴയും; ബാര്‍ബഡോസില്‍ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം

കാലാവസ്ഥ മെച്ചപ്പെട്ടാൽ ബാർബഡോസിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം

T20 World Cup 2024 winner Team India stuck in Barbados due to Hurricane Beryl Report

ബാര്‍ബഡോസ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്‍റെ നാട്ടിലേക്കുള്ള യാത്ര വൈകുന്നു. ബെറില്‍ ചുഴലിക്കാറ്റിന് മുന്നോടിയായി കരീബിയന്‍ ട്വീപുകളില്‍ പെയ്യുന്ന ശക്തമായ മഴ കാരണമാണ് വിമാനയാത്ര വൈകുന്നത്. താരങ്ങൾ താമസിക്കുന്ന ഹോട്ടൽ ചുരുങ്ങിയ ജീവനക്കാരുമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിനെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കുന്നതിനെ പറ്റി ബിസിസിഐ ആലോചിക്കുന്നതായാണ് വിവരം. 

ബാർബഡോസിൽ നിന്ന് ന്യൂയോ‍ർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബിസിസിഐയുടെ പ്ലാനുകളെല്ലാം അവതാളത്തിലാക്കിയിരിക്കുകയാണ് കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ. കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപമാണ് നിലവില്‍ ചുഴലിക്കാറ്റുള്ളത്. ബാര്‍ബഡോസിലും സെന്‍റ് ലൂസിയയിലും സെന്‍റ് വിന്‍സന്‍റിഡും ട്രിനിഡാഡ് ടുബാഗോയിലുമടക്കം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഇന്നും അതിശക്തമായ മഴയാണ് ബാര്‍ബഡോസില്‍ പ്രവചിച്ചിരിക്കുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടാൽ ബാർബഡോസിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകസംഘവും ഉൾപ്പടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. 

ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയതാണ് ടീം ഇന്ത്യ 11 വര്‍ഷത്തിന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീട നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇതേസമയം ട്വന്‍റി 20 ലോകകപ്പ് 2024ലെ ചാമ്പ്യൻ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചു.

Read more: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികൾ കൊണ്ട് മൂടി ബിസിസിഐ; വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios