ഗയാനയില്‍ ഒട്ടും ശുഭമല്ല കാര്യങ്ങള്‍; സെമിക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം മുടങ്ങി
വ്യാഴാഴ്ച്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി തുടങ്ങേണ്ടത്
ഗയാന: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിന് മുമ്പ് ടീം ഇന്ത്യക്ക് തിരിച്ചടി. സെമിക്ക് മുമ്പുള്ള ടീമിന്‍റെ അവസാന പരിശീലന സെഷന്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ കനത്ത മഴ കാരണം മുടങ്ങി. ഗയാനയിലെ തുടര്‍ച്ചയായ മഴ ഇന്ത്യന്‍ ടീമിന്‍റെ നാളത്തെ സെമിക്കും ഭീഷണിയാണ്.
വ്യാഴാഴ്ച്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി തുടങ്ങേണ്ടത്. സെമി ദിനത്തില്‍ ഗയാനയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത പ്രവചിച്ചിരിക്കുന്നത് ആശങ്ക കൂട്ടുന്നു. കാലാവസ്ഥാ പ്രവചനമനുസരിച്ച് ഗയാനയില്‍ നാളെ രാവിലെ കനത്ത മഴ പെയ്യും. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത പറയുന്നു. 70 ശതമാനം മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിന് റിസര്‍വ് ഡേയില്ല. എന്നാല്‍ 250 മിനിറ്റ് അധിക സമയം മത്സരത്തിന് അനുവദിച്ചിട്ടുണ്ട്. അതിനാല്‍തന്നെ സൂപ്പര്‍ പോരാട്ടം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗയാനയില്‍ ഒരു പന്ത് പോലും എറിയാനാവാത്ത രീതിയില്‍ സെമി മഴയെടുത്താല്‍ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടക്കും. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ ആദ്യ സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യ പിന്നീട് ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെയും ജയം സ്വന്തമാക്കി. അതേസമയം ഗ്രൂപ്പ് രണ്ടില്‍ രണ്ടാമതായാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ട് ഘട്ടത്തില്‍ ഫിനിഷ് ചെയ്‌തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ്, യുഎസ് ടീമുകളെയാണ് തോല്‍പ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം