നാലോവറില്‍ പൂജ്യം റണ്ണിന് മൂന്ന് വിക്കറ്റ്! റെക്കോര്‍ഡിട്ട് ഫെര്‍ഗ്യൂസണ്‍; പാപുവ ന്യൂ ഗിനിയ 78ല്‍ പുറത്ത്

കിവീസ് പേസ് ആക്രമണത്തിന് മുന്നില്‍ പാപുവ ന്യൂ ഗിനിയ തുടക്കത്തിലെ പ്രതിരോധത്തിലായിരുന്നു 

T20 World Cup 2024 PNG vs NZ Live Papua New Guinea allout on 78 as Lockie Ferguson bagged three wickets for zero runs

ട്രിനിഡാഡ്: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ പാപുവ ന്യൂ ഗിനിയക്കെതിരെ ന്യൂസിലന്‍ഡിന് 79 റണ്‍സ് വിജയലക്ഷ്യം. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 19.4 ഓവറില്‍ 78 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് ഓവറില്‍ ഒറ്റ റണ്‍ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുമായി പേസര്‍ ലോക്കീ ഫെര്‍ഗ്യൂസണ്‍ ഞെട്ടിച്ചു. പുരുഷ ടി20 ലോകകപ്പ് ചരിത്രത്തില്‍ നാലോവറും മെയ്‌ഡനാക്കുന്ന ആദ്യ ബൗളറാണ് ഫെര്‍ഗ്യൂസണ്‍. 

ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപുവ ന്യൂ ഗിനിയ, കിവീസ് പേസ് ആക്രമണത്തിന് മുന്നില്‍ തുടക്കത്തിലെ പതറി. ഇന്നിംഗ്‌സിലെ ഒന്‍പതാം ബോളില്‍ ഓപ്പണര്‍ ടോണി ഉറാ (2 പന്തില്‍ 1) ടിം സൗത്തിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ ക്യാച്ചില്‍ മടങ്ങി. അഞ്ചാം ഓവറില്‍ സഹഓപ്പണറും ക്യാപ്റ്റനുമായ അസ്സാദ് വാലയെ (16 പന്തില്‍ 6) ലോക്കീ ഫെര്‍ഗ്യൂസണ്‍ മടക്കി. ഡാരില്‍ മിച്ചലിനായിരുന്നു ക്യാച്ച്. മൂന്നാം വിക്കറ്റില്‍ ചാള്‍സ് അമിനിയും സെസെ ബൗവും പ്രതിരോധിച്ചെങ്കിലും 12-ാം ഓവറില്‍ ലോക്കി കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ 17 റണ്‍സ് നേടിയ അമിനി എല്‍ബിയില്‍ പുറത്താവുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ സെസെയെ (27 പന്തില്‍ 12) മിച്ചല്‍ സാന്‍റ്‌നര്‍ പറഞ്ഞയച്ചു. 

വീണ്ടും ലോക്കീ ഫെര്‍ഗ്യൂസണ്‍ ആഞ്ഞടിച്ചപ്പോള്‍ അഞ്ചാമനായി ചാഡ് സോപ്പറും വീണു. നാല് ഓവറില്‍ പൂജ്യ റണ്‍സിന് മൂന്ന് വിക്കറ്റുമായി ലോക്കീ റെക്കോര്‍ഡിടുകയും ചെയ്തു. 6 പന്തില്‍ 1 റണ്‍സ് മാത്രം നേടി താരം ബൗള്‍ഡാവുകയായിരുന്നു. പാപുവ ന്യൂ ഗിനിയ 41-3ല്‍ നിന്ന് ഇതോടെ 43-5ലായി. 11 പന്തില്‍ 7 റണ്‍സ് നേടിയ ഹിരി ഹിരിയെ 16-ാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് ബൗള്‍ഡാക്കി. വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ഡോരിഗ (7 പന്തില്‍ 5) റണ്‍സുമായി സൗത്തിക്ക് കീഴടങ്ങി. അവസാന ഓവറുകളില്‍ സ്കോറിംഗിന് ശ്രമിച്ച നോര്‍മാന്‍ വനൗവിനെ (13 പന്തില്‍ 14) ബോള്‍ട്ടും, കബ്വ മോറിയയെയും (3 പന്തില്‍ 3), അലിയു നാവോയെയും (7 പന്തില്‍ 3) ഇഷ് സോധിയും ഔട്ടാക്കിയതോടെ പാപുവ ഇന്നിംഗ്‌സ് തീര്‍ന്നു. 

Read more: ജോണ്ടി റോഡ്‌സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ഫീല്‍ഡിംഗ് കോച്ചായേക്കും എന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios