ടിം സൗത്തി കൊടുങ്കാറ്റ്; പാവം ഉഗാണ്ടയെ എറിഞ്ഞൊതുക്കി ന്യൂസിലന്‍ഡിന് ആദ്യ ജയം, പക്ഷേ കാര്യമില്ല!
പരിചയസമ്പന്നരായ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഉഗാണ്ടയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല
ട്രിനിഡാഡ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ പുറത്തായ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം. ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ഉഗാണ്ടയോട് ന്യൂസിലന്‍ഡ് 9 വിക്കറ്റിന് ജയിച്ചു. ഉഗാണ്ടയെ വെറും 40 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ 5.2 ഓവറുകള്‍ക്കിടെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ കിവികള്‍ ജയത്തിലെത്തി. സ്കോര്‍: ഉഗാണ്ട- 40 (18.4), ന്യൂസിലന്‍ഡ്- 41/1 (5.2). നാല് റണ്‍സിന് മൂന്ന് വിക്കറ്റ് പിഴുത വിസ്‌മയ സ്‌പെല്ലുമായി പേസര്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്‍റെ വിജയശില്‍പി.
പരിചയസമ്പന്നരായ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഉഗാണ്ടയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാല് ഓവറില്‍ വെറും നാല് റണ്‍സിന് മൂന്ന് വിക്കറ്റുമായി പേസര്‍ ടിം സൗത്തിയാണ് കൂടുതല്‍ തിളങ്ങിയത്. നാലോവറില്‍ ഏഴ് റണ്ണിന് രണ്ട് വിക്കറ്റുമായി പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും 3.4 ഓവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റുമായി സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറും മൂന്നോവറില്‍ ഒന്‍പത് റണ്‍സിന് രണ്ട് വിക്കറ്റുമായി സ്‌പിന്നര്‍ രചിന്‍ രവീന്ദ്രയും ഒന്‍പത് റണ്ണിന് ഒരു വിക്കറ്റുമായി പേസര്‍ ലോക്കീ ഫെര്‍ഗ്യൂസനും തിളങ്ങി. ഉഗാണ്ടന്‍ നിരയില്‍ 18 പന്തില്‍ 11 റണ്‍സെടുത്ത കെന്നെത്ത് വൈസ്‌വ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണര്‍മാരായ സൈമണ്‍ സെസൈയ് പൂജ്യത്തിലും റോനക് പട്ടേല്‍ രണ്ട് റണ്‍സിലും പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മസാബ മൂന്ന് റണ്‍സുമായി മടങ്ങി. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ തുടങ്ങിയ വിക്കറ്റ് വീഴ്‌ച 18.4 ഓവറുകളില്‍ അവസാനിച്ചു.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ ജയത്തിലെത്തി. 17 പന്തില്‍ 9 റണ്‍സെടുത്ത ഫിന്‍ അലനെ റിയാസത്ത് അലി ഷാ പറഞ്ഞയച്ചു. ദേവോണ്‍ കോണ്‍വെ 15 പന്തില്‍ 22* ഉം, രചിന്‍ രവീന്ദ്ര 1 പന്തില്‍ 1* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ ആദ്യ ജയമാണിത്. കിവികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ നിന്ന് ഇതിനകം അഫ്‌ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ എട്ടിന് യോഗ്യത നേടിയിട്ടുണ്ട്. അതിനാല്‍ ന്യൂസിലന്‍ഡിന് ഇന്നത്തെ ജയം കൊണ്ട് ഗുണമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം