സ്‌മൂത്ത് റണ്ണപ്പ്, ഗംഭീര ആക്ഷന്‍; നെറ്റ്‌സില്‍ രോഹിത് ശര്‍മ്മയ്ക്ക് പന്തെറിഞ്ഞ് 11കാരന്‍- വീഡിയോ

ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയില്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ടീം ഇന്ത്യ

T20 World Cup 2022 Watch 11 year old Drushil Chauhan bowling to Rohit Sharma in nets

ബ്രിസ്‌ബേന്‍: വെറും 11 വയസ് മാത്രമുള്ള ദ്രുശില്‍ ചൗഹാന് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിംഗ് റൂമില്‍ എത്തുക, പിന്നാലെ നെറ്റ്‌സില്‍ അദ്ദേഹത്തിനെതിരെ പന്തെറിയാനാവുക. ഇടംകൈയന്‍ പേസ് കൊണ്ട് ഹിറ്റ്‌മാന്‍റെ കണ്ണിലുടക്കിയതോടെ ദ്രുശില്‍ ചൗഹാന് സന്തോഷമടക്കാനാവുന്നുണ്ടാവില്ല ഇപ്പോള്‍. ട്വന്‍റി 20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയപ്പോഴായിരുന്നു ഈ മനോഹര നിമിഷം. 

ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയില്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ടീം ഇന്ത്യ. ഐസിസിയുടെ വാംഅപ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പരിശീലനം ടീം ബ്രിസ്‌ബേനില്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന് മുമ്പ് അനൗദ്യോഗിക പരിശീലന മത്സരങ്ങള്‍ക്കായി ടീം പെര്‍ത്തിലുള്ളപ്പോഴാണ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന നൂറുകണക്കിന് കുട്ടിത്താരങ്ങളുടെ കൂട്ടത്തിലെ 11കാരന്‍ ദ്രുശില്‍ ചൗഹാന്‍റെ പന്തുകളില്‍ രോഹിത്തിന്‍റെ കണ്ണുടക്കിയത്. രോഹിത് മാത്രമല്ല, ഇന്ത്യന്‍ ഡ്രസിംഗ് റൂം ഒന്നാകെ കുഞ്ഞുതാരത്തിന്‍റെ ബൗളിംഗ് ആകാംക്ഷയോടെ നോക്കിനിന്നു. ഉടനെ ദ്രുശിലിനെ വിളിച്ച് നെറ്റ്‌സില്‍ തനിക്കെതിരെ പന്തെറിഞ്ഞോളാന്‍ രോഹിത് പറയുകയായിരുന്നു. മികച്ച റണ്ണപ്പും പേസുമാണ് ദ്രുശില്‍ ചൗഹാന്‍റേത്. ഒരു ക്രിക്കറ്ററായി മാറുകയാണ് തന്‍റെ ലക്ഷ്യം. ഇന്‍-സ്വിങ് യോര്‍ക്കറുകളും ഔട്ട്‌-സ്വിങ്ങറുകളുമാണ് തന്‍റെ പ്രിയ പന്തുകള്‍ എന്നും ദ്രുശില്‍ പറയുന്നു. രോഹിത്തിന് പുറമെ ഇന്ത്യന്‍ പരിശീലക സംഘവും ദ്രുശിലിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തു. ഭാവി താരത്തിന് ഓട്ടോഗ്രാഫ് നല്‍കിയാണ് രോഹിത് ശര്‍മ്മ യാത്രയാക്കിയത്. കാണാം വീഡിയോ...

ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരായ വാംഅപ് മത്സരങ്ങള്‍ക്കായി ബ്രിസ്‌ബേനിലാണ് ഇന്ത്യന്‍ ടീം നിലവിലുള്ളത്. നാളെയാണ് ഓസീസിനെതിരായ പരിശീലന മത്സരം. 19-ാം തിയതി ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ ഇറങ്ങും. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ഓസീസിന് 5 സ്റ്റാര്‍ താമസം, ഇന്ത്യന്‍ ടീമിന് 4 സ്റ്റാര്‍; ഓസ്ട്രേലിയയില്‍ രോഹിത്തിനും കൂട്ടര്‍ക്കും അപമാനം

Latest Videos
Follow Us:
Download App:
  • android
  • ios