പേടിച്ചേ പറ്റൂ; പാക് പോരാട്ടത്തിന് മുമ്പ് രോഹിത് ശര്‍മ്മയ്‌ക്കും കെ എല്‍ രാഹുലിനും മുന്നറിയിപ്പുമായി ടോം മൂഡി

ലോകകപ്പിന് മുന്നോടിയായുള്ള വാംഅപ്‌ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ രണ്ട് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി വളരെ അപകടകാരിയാണ് എന്നാണ് ടോം മൂഡി വാദിക്കുന്നത്

T20 World Cup 2022 Tom Moody warning to KL Rahul Rohit Sharma ahead IND vs PAK match

സിഡ്‌നി: കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ടീം ഇന്ത്യക്ക് കനത്ത തോല്‍വി സമ്മാനിച്ചത് പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു. അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യയുടെ ടോപ് ത്രീയെ അന്ന് പവലിയനിലേക്ക് മടക്കി. ഈ ലോകകപ്പിലും ഇടംകൈയന്‍ പേസറായ ഷഹീന്‍ അഫ്രീദിയെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ഭയക്കണം എന്നാണ് ഓസ്ട്രേലിയന്‍ മുന്‍താരം ടോം മൂഡി പറയുന്നത്. 

ലോകകപ്പിന് മുന്നോടിയായുള്ള വാംഅപ്‌ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ രണ്ട് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി വളരെ അപകടകാരിയാണ് എന്നാണ് ടോം മൂഡി വാദിക്കുന്നത്. അഫ്‌ഗാന്‍റെ വിക്കറ്റുകളില്‍ റഹ്‌മാനുള്ള ഗുര്‍ബാസ് പുറത്തായത് ഷഹീന്‍റെ മരണ യോര്‍ക്കറിലായിരുന്നു. ഷഹീന്‍റെ പന്ത് ഇടതുകാലില്‍ കൊണ്ട ഗുര്‍ബാസിനെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. 'ഈ ലോകകപ്പിലെ എല്ലാ ഓപ്പണിംഗ് ബാറ്റര്‍മാര്‍ക്കും പേടി സമ്മാനിക്കുന്നതാണ് ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിംഗ്. ന്യൂ-ബോളില്‍ അപകടകാരിയാണ് അദ്ദേഹം. റഹ്‌മാനുള്ള ഗുര്‍ബാസിനെതിരായ പന്ത് അമ്പരപ്പിക്കുന്നതായി' എന്നുമാണ് ടോം മൂഡിയുടെ വാക്കുകള്‍. 

കഴിഞ്ഞ ലോകകപ്പില്‍ 10 വിക്കറ്റിന് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ മൂന്ന് വിക്കറ്റുമായി ഷഹീന്‍ ഷാ അഫ്രീദി തിളങ്ങിയിരുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ മൂന്ന് മുന്‍നിര ഇന്ത്യന്‍ ബാറ്റര്‍മാരെയാണ് ഷഹീന്‍ പുറത്താക്കിയത്. പരിക്കിന്‍റെ ഇടവേള കഴിഞ്ഞാണ് ഇക്കുറി ലോകകപ്പിന് വന്നിരിക്കുന്നതെങ്കിലും തന്‍റെ പന്തുകള്‍ക്ക് പഴയ മൂര്‍ച്ചയുണ്ടെന്ന് ഇരുപത്തിരണ്ടുകാരനായ ഷഹീന്‍ തെളിയിക്കുന്നതായി അഫ്‌ഗാന് എതിരായ സന്നാഹമത്സരം. ഞായറാഴ്‌ച മെല്‍ബണിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കുക. ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഷഹീനെ എങ്ങനെ നേരിടും എന്നത് മത്സരത്തില്‍ നിര്‍ണായകമാകും. 

ന്യൂസിലന്‍ഡിനെതിരായ മത്സരം മഴ കളിച്ചു; വെള്ളത്തിലായത് രോഹിത്തിന്‍റെ പ്ലാന്‍, കനത്ത ആശങ്ക
 

Latest Videos
Follow Us:
Download App:
  • android
  • ios