ബോള്‍ ബോയിയായി താരങ്ങളും; പിഴ ഒഴിവാക്കാന്‍ ഓസീസ് ടീമിന്‍റെ പൊടിക്കൈ; അമ്പരന്ന് ആരാധകര്‍- വീഡിയോ
ഓസ്ട്രേലിയയിലെ വലിയ മൈതാനങ്ങളിൽ ബൗണ്ടറി വഴങ്ങുമ്പോൾ സമയം നഷ്ടമാകാൻ സാധ്യത കൂടുതലാണ്
ബ്രിസ്‌ബേന്‍: ട്വന്‍റി 20യിലെ പുതിയ ബൗളിംഗ് നിയമം പലപ്പോഴും ടീമുകൾക്ക് തലവേദനയാണ്. പ്രതിസന്ധി മറികടക്കാൻ വലിയ മൈതാനങ്ങളുള്ള ഓസ്ട്രേലിയയിൽ ചില പൊടിക്കൈകളും ഇത്തവണ കാണുന്നുണ്ട്. സ്വന്തം നാട്ടില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമാണ് ഈ വിദ്യ പ്രയോഗിക്കുന്നവരില്‍ കേമന്‍മാര്‍.
ലോകകപ്പിന് തൊട്ടുമുൻപ് അവസാനിച്ച ഇംഗ്ലണ്ട്-ഓസ്ട്രേലിയ പരമ്പരയിലായിരുന്നു ഈ കാഴ്ചകൾ. നിർണായക മത്സരത്തിൽ പന്തെടുക്കാനെത്തുന്ന ഫീൽഡറെ കാത്തുനിൽക്കാതെ ബോൾ ബോയിയുടെ ജോലി താരങ്ങൾ നേരിട്ട് ഏറ്റെടുത്തു. ട്വന്‍റി 20യിലെ പുതിയ ബൗളിംഗ് നിയമം മത്സരത്തിന്‍റെ ഗതിതന്നെ മാറ്റുന്ന പ്രതിസന്ധി മറികടക്കാനായിരുന്നു ഓസ്ട്രേലിയൻ ടീമിന്‍റെ കുറുക്കുവിദ്യ. പുതിയ നിയമപ്രകാരം 20 ഓവർ പൂർത്തിയാക്കാൻ 85 മിനുറ്റാണ് ബൗളിംഗ് ടീമിന് അനുവദിച്ചിട്ടുള്ളത്. 85 മിനുറ്റിന് ശേഷമുള്ള ഓരോ പന്തിനും സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ.
ഇത് ബാറ്റിംഗ് ടീമിന് ആനുകൂല്യം നൽകും. ഓസ്ട്രേലിയയിലെ വലിയ മൈതാനങ്ങളിൽ ബൗണ്ടറി വഴങ്ങുമ്പോൾ സമയം നഷ്ടമാകാൻ സാധ്യത കൂടുതലുമാണ്. ഇത് മറികടക്കാനാണ് ഓസീസ് ടീം പൊടിക്കൈ കാട്ടിയത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് ശേഷമുള്ള ഓരോ വിക്കറ്റിനും ബൗളിംഗിന് ടീമിനും ഒരുമിനിറ്റ് അലവൻസ് ലഭിക്കും. മനപ്പൂർവം സമയം നഷ്ടപ്പെടുത്തുന്നത് നിയന്ത്രിക്കേണ്ടതും ഓരോ വിക്കറ്റ് വീഴുന്നതിന് അനുസരിച്ച് സമയം പുനക്രമീകരിക്കേണ്ടതും അംപയറുടെ ചുമതലയാണ്. ട്വന്‍റി 20 ലോകകപ്പിലെ ഓരോ ജയവും നിർണായകമായതിനാൽ ഓരോ ടീമിന്‍റെയും താരങ്ങളെ ബോൾബോയ് വേഷത്തിൽ ഇനിയും കാണാമെന്നുറപ്പ്. ഇത് ലോകകപ്പില്‍ രസകരമായ കാഴ്‌ചകള്‍ക്കും വഴിതുറന്നേക്കാം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 22-ാം തിയതി ന്യൂസിലന്‍ഡിന് എതിരെയാണ് ഓസീസിന്‍റെ ആദ്യ സൂപ്പര്‍-12 മത്സരം.
ഇന്ത്യന്‍ നിരയില്‍ അവനില്ലാത്തത് സന്തോഷം, ഇന്ത്യന്‍ പേസറെക്കുറിച്ച് വഖാര്‍ യൂനിസ്