പരമ്പരകള്‍ തൂത്തുവാരും, ഐസിസി ടൂര്‍ണമെന്‍റ് വരുമ്പോള്‍ തുന്നംപാടും; ടീം ഇന്ത്യക്ക് എന്തുപറ്റി
പത്ത് വർഷമായി ഐസിസി ടൂർണമെന്‍റുകളിൽ നിരാശാജനകമായ പ്രകടനം ഇന്ത്യ തുടരുകയാണ്
അഡ്‌ലെയ്‌ഡ്: ഐസിസി ടൂർണമെന്‍റുകളിൽ കിരീടമില്ലാത്ത 10 വർഷമാണ് ടീം ഇന്ത്യക്ക് കടന്നുപോകുന്നത്. 2013ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ശേഷം ഇന്ത്യക്ക് ഐസിസി കിരീടം നേടാനായിട്ടില്ല.
2007 ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിൽ പ്രഥമ ട്വന്‍റി 20 കിരീടം നേടിയ ഇന്ത്യ പിന്നാലെ ഏകദിന ടൂർണമെന്‍റിൽ സ്വന്തം മണ്ണിലും കിരീടമുയർത്തി. 2013 ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ ഫൈനലിൽ വീഴ്ത്തിയാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയും നേടിയത്. എന്നാൽ പിന്നീട് ഇങ്ങോട്ട് പത്ത് വർഷമായി ഐസിസി ടൂർണമെന്‍റുകളിൽ നിരാശാജനകമായ പ്രകടനം ഇന്ത്യ തുടരുകയാണ്. 2015ൽ ഓസ്ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തോറ്റു. തൊട്ടടുത്ത വർഷം ഇന്ത്യ വേദിയായ ട്വന്‍റി 20 ലോകകപ്പിൽ മുംബൈയിൽ നടന്ന സെമിയിൽ വെസ്റ്റ് ഇൻഡീസിനോട് തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി.
2017ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോട് ഇന്ത്യ ദയനീയ തോൽവി ഏറ്റുവാങ്ങി. 2019 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡാണ് സെമിയിൽ ഇന്ത്യയെ മടക്കിയത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ട്വന്‍റി 20 ലോകകപ്പിലാകട്ടെ ആദ്യ രണ്ട് കളി തോറ്റതോടെ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇതിനിടയിൽ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയെങ്കിലും ന്യൂസിലൻഡിനോട് അവിടെയും തോൽവി. രണ്ട് രാജ്യങ്ങൾതമ്മിലുള്ള പരമ്പരകളിൽ മികവ് കാണിക്കുമ്പോഴും മുൻനിര ടീമുകൾ ഒന്നിച്ച് ഏറ്റുമുട്ടുന്ന ടൂർണമെന്‍റുകളിൽ ഇന്ത്യക്ക് കിരീടത്തിലേക്ക് എത്താനാകുന്നില്ല.
ഐസിസി ടൂർണമെന്‍റുകളിൽ പരാജയപ്പെടുമ്പോഴും പരമ്പരകളിലെ മികവിന്‍റെ അടിസ്ഥാനത്തിൽ താരങ്ങൾ ടീമിൽ തുടരുന്നതാണ് കാണുന്നത്. ഇനി എന്തായാലും അടുത്ത വർഷം ഇന്ത്യ വേദിയായ ഏകദിന ലോകകപ്പാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രതീക്ഷ.