അഞ്ച് മണിക്കൂര്‍ കടുകട്ടി പരിശീലനം, ഉച്ചഭക്ഷണം ഗ്രൗണ്ടില്‍; ലോകകപ്പ് ഒരുക്കം തുടങ്ങി ടീം ഇന്ത്യ
പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരക്കാരനെ വരും ദിവസങ്ങളില്‍ ബിസിസിഐ പ്രഖ്യാപിക്കും
പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പിനായി പെര്‍ത്തിലെത്തിയ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി. ആദ്യ പരിശീലന സെഷനില്‍ താരങ്ങള്‍ പങ്കെടുത്തു. സാഹചര്യങ്ങള്‍ മനസിലാക്കാന്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ അഞ്ച് മണിക്കൂര്‍ പരിശീലന സെഷന്‍ നടത്തും. ഓസ്‌ട്രേലിയന്‍ സമയം രാവിലെ 11 മണിക്ക് പരിശീലനം ആരംഭിക്കും. ഗ്രൗണ്ടില്‍ തന്നെയാണ് താരങ്ങളുടെ ഉച്ചഭക്ഷണം. പ്രാദേശികസമയം വൈകിട്ട് നാല് മണിക്കാണ് പരിശീലനം അവസാനിക്കുക.
ലോകകപ്പിനെത്തിയ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ ബേസ് ക്യാംപാണ് പെര്‍ത്ത്. ഒക്ടോബര്‍ 10, 13 തിയതികളില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ ടീമുമായി ഇവിടെ ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. 11-ാം തിയതി വിശ്രമദിനമാണ്. 12-ാം തിയതി താരങ്ങള്‍ വീണ്ടും പരിശീലനത്തിനിറങ്ങും. 13-ാം തിയതിയിലെ പരിശീലന മത്സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഇന്ത്യന്‍ ടീം പെര്‍ത്തിനോട് വിടപറയും. നെറ്റ് ബൗളര്‍മാരായ ചേതന്‍ സക്കരിയയും മുകേഷ് ചൗധരിയും ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് എതിരായ പരിശീലന മത്സരങ്ങള്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയുടെ യൂട്യൂബ് ചാനലിലൂടെ തല്‍സമയം കാണാം. 17, 19 തിയതികളില്‍ യഥാക്രമം ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യ ഐസിസിയുടെ ഔദ്യോഗിക വാം-അപ് മത്സരങ്ങള്‍ കളിക്കും. ഈ മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് സംപ്രേഷണം ചെയ്യും. പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരക്കാരനെ വരും ദിവസങ്ങളില്‍ ബിസിസിഐ പ്രഖ്യാപിക്കും.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.