ഐസിസി ടി20 റാങ്കിംഗ്: ഇന്ത്യാ-പാക് പോരാട്ടത്തിന് മുമ്പ് രണ്ടാം സ്ഥാനം സുരക്ഷിതമാക്കി സൂര്യകുമാര്‍ യാദവ്
ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം സ്ഥാനം കാത്തപ്പോള്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബൗളര്‍മാരുടെ ആദ്യ പത്തിലും ചെറിയ മാറ്റങ്ങള്‍ മാത്രമാണുള്ളത്.
ദുബായ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ 23ന് പാക്കിസ്ഥാനെ നേരിടാനിറങ്ങുന്നതിന് മുമ്പ് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്ത് തുടരുന്നു.
ബാറ്റിംഗ് റാങ്കിംഗില്‍ കെ എല്‍ രാഹുല്‍ പതിമൂന്നാം സ്ഥാനത്തും വിരാട് കോലി 15-ാം സ്ഥാനത്തും രോഹിത് ശര്‍മ പതിനാറാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം നാലാം സ്ഥാനത്തും ന്യൂസിലന്‍ഡിന്‍റെ ഡെവോണ്‍ കോണ്‍വെ അഞ്ചാം സ്ഥാനത്തുമാണ്. ബംഗ്ലാദേശിനും പാക്കിസ്ഥാനുമെതിരായ ത്രിരാഷ്ടര പരമ്പരയിലെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് ന്യൂസിലന്‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്സ് ആദ്യ പത്തില്‍ എത്തിയത് മാത്രാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലെ ഏക മാറ്റം.
ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം സ്ഥാനം കാത്തപ്പോള്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബൗളര്‍മാരുടെ ആദ്യ പത്തിലും ചെറിയ മാറ്റങ്ങള്‍ മാത്രമാണുള്ളത്. അഫ്ഗാനിസ്ഥാന്‍റെ മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.
ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തും ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി നാലാം സ്ഥാനത്തുമാണ്യ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പന്ത്രണ്ടാമതും രവിചന്ദ്ര അശ്വിന്‍ 22-ാമതും അക്സര്‍ പട്ടേല്‍ 23-ാതുമാണ്.