ആകാശത്തോളം ഉയരെ 'സ്കൈ'; റിസ്‍വാനെ പിന്തള്ളി സൂര്യകുമാർ യാദവ് നമ്പർ-1 ടി20 ബാറ്റർ
ലോകകപ്പില്‍ നെതർലന്‍ഡ്സിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ തുടർച്ചയായ അർധസെഞ്ചുറികള്‍ സ്കൈ നേടിയിരുന്നു
അഡ്‍ലെയ്ഡ്: ട്വന്‍റി 20 ക്രിക്കറ്റില്‍ മുഹമ്മദ് റിസ്‍വാന്‍ യുഗത്തിന് വിരാമമിട്ട് റാങ്കിംഗില്‍ സൂര്യോദയം. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാറ്റർമാരില്‍ ഒന്നാമതെത്തി. ട്വന്‍റി 20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് സ്കൈ പുരുഷന്‍മാരിലെ ഏറ്റവും മികച്ച ബാറ്ററായി മാറിയത്. ലോകകപ്പില്‍ നെതർലന്‍ഡ്സിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ തുടർച്ചയായ അർധസെഞ്ചുറികള്‍ സ്കൈ നേടിയിരുന്നു. നാലാം നമ്പറില്‍ ഇറങ്ങുന്ന സൂര്യക്ക് 863 ഉം പാക് ഓപ്പണറായ റിസ്‍വാന് 842 ഉം റേറ്റിംഗ് പോയിന്‍റുകളാണ് നിലവിലുള്ളത്.
കഴിഞ്ഞ വർഷം മാർച്ചില്‍ രാജ്യാന്തര ടി20യില്‍ അരങ്ങേറി ചുരുങ്ങിയ കാലയളവുകൊണ്ടാണ് സൂര്യകുമാർ യാദവ് ലോകത്തെ നമ്പർ വണ്‍ ബാറ്ററായി മാറിയത്. ഈ വർഷം എട്ട് ഫിഫ്റ്റികളും ഒരു സെഞ്ചുറിയുമായി സ്വപ്ന ഫോമിലാണ് താരം. ഈ ലോകകപ്പില്‍ നാല് ഇന്നിംഗ്സില്‍ 164 റണ്‍സ് സൂര്യകുമാർ നേടിക്കഴിഞ്ഞു. സൂര്യയുടെ സ്ഥാനാരോഹണത്തിന് പുറമെ ദക്ഷിണാഫ്രിക്കന്‍ ഇടംകൈയന്‍ ബാറ്റർ റൈലി റൂസ്സോയും ന്യൂസിലന്‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്സും ആദ്യ പത്തിലേക്ക് എത്തിയിട്ടുണ്ട്. സിഡ്നിയില്‍ റൂസ്സോ ബംഗ്ലാദേശിനെതിരെയും ഫിലിപ്സ് ലങ്കയ്ക്കെതിരെയും സെഞ്ചുറി നേടിയിരുന്നു.
ന്യൂസിലന്‍ഡിന്‍റെ ദേവോണ്‍ കോണ്‍വേ മൂന്നും പാകിസ്ഥാന്‍ നായകന്‍ ബാബർ അസം നാലും ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാർക്രം അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഗ്ലെന്‍ ഫിലിപ്സ് ഏഴും റൈലി റൂസ്സോ എട്ടും സ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ വിരാട് കോലി പത്താമതുണ്ട്. മറ്റ് ഇന്ത്യന്‍ ബാറ്റർമാരാരും ആദ്യ പത്തിലില്ല. 36 രാജ്യാന്തര ടി20 ഇന്നിംഗ്സുകളില്‍ ഒരു ശതകവും 11 ഫിഫ്റ്റിയും ഉള്‍പ്പടെ 40.30 ശരാശരിയിലും 177.27 സ്ട്രൈക്ക് റേറ്റിലും 1209 റണ്‍സ് സൂര്യകുമാർ യാദവിനുണ്ട്.
എന്നാലും ഇങ്ങനെയുണ്ടോ ഒരു അടി; കാണാം കോലിയുടെ കണ്ണുതള്ളിച്ച കെ എല്‍ രാഹുലിന്‍റെ സിക്സർ