കണക്കുവീട്ടാനുണ്ട് ടീം ഇന്ത്യക്ക്; പാകിസ്ഥാനെതിരായ മുന്‍കണക്കുകള്‍ ഇങ്ങനെ
ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ഏറ്റുമുട്ടിയത് ആറ് തവണ. അഞ്ചിലും ജയം ഇന്ത്യക്കായിരുന്നു.
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിൽ ഇന്ന് സൂപ്പര്‍ സണ്‍ഡേയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 1.30ന് ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം തുടങ്ങും. മഴസാധ്യതയുണ്ടെങ്കിലും മത്സരത്തിന്‍റെ ആവേശം തെല്ലും കുറയില്ല എന്നാണ് ആരാധകരുടെ പ്രതീക്ഷ. യുഎഇ വേദിയായ കഴിഞ്ഞ ടി20 ലോകകപ്പിലെ 10 വിക്കറ്റ് തോല്‍വിക്ക് പകരംവീട്ടാന്‍ രോഹിത് ശര്‍മ്മയും കൂട്ടരും ഇറങ്ങുമ്പോള്‍ മുന്‍കാല പോരാട്ടങ്ങളുടെ ചരിത്രം വിശദമായി പരിശോധിക്കാം.
ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ഏറ്റുമുട്ടിയത് ആറ് തവണ. അഞ്ചിലും ജയം ഇന്ത്യക്കായിരുന്നു. അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരത്തിൽ പാകിസ്ഥാന്‍ ജയിച്ചു. കുട്ടിക്രിക്കറ്റിന്‍റെ വിശ്വവേദിയിൽ ടീം ഇന്ത്യയുടെ അരങ്ങേറ്റം തന്നെ പാകിസ്ഥാനോടായിരുന്നു. 2007ൽ ദക്ഷിണാഫ്രിക്ക വേദിയായ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലായിരുന്നു ഇന്ത്യയും പാകിസ്ഥാനും ആദ്യമായി മുഖാമുഖം വന്നത്. ആവേശം വാനോളം ഉയര്‍ന്ന മത്സരം ടൈ ആയതോടെ അസാധാരണമായ ബോൾ ഔട്ടിലൂടെ വിജയികളെ കണ്ടെത്തി. കലാശക്കളിയിലും ഇന്ത്യയും പാകിസ്ഥാനും മുഖാമുഖമെത്തി. അന്ന് അഞ്ച് റണ്‍സിന് പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ പ്രഥമ ട്വന്‍റി 20 കിരീടം നേടി.
2012ൽ കൊളംബോയിലായിരുന്നു മൂന്നാം അങ്കം. വിരാട് കോലിയുടെ മികവിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമായി. 2014ൽ ധാക്കയിൽ 7 വിക്കറ്റിന് ഇന്ത്യ വിജയിച്ചു. ഇന്ത്യ വേദിയായ 2016ലെ ലോകകപ്പിൽ 6 വിക്കറ്റിനും നീലപ്പട പാകിസ്ഥാനെ തകര്‍ത്തുവിട്ടു. ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആദ്യ ജയം നേടിയത് കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ടൂര്‍ണമെന്‍റിലായിരുന്നു. 10 വിക്കറ്റ് ജയത്തോടെ പാകിസ്ഥാൻ ഇന്ത്യയെ നിഷ്പ്രഭമാക്കി. ഇനി പോരാട്ടം കങ്കാരുക്കളുടെ നാട്ടിലാണ്. മെൽബണില്‍ മൊഞ്ചുകാട്ടുന്നത് ആരെന്നറിയാൻ കാത്തിരിക്കാം.
ട്വന്‍റി 20 ലോകകപ്പില്‍ ഇന്ന് പോരാട്ടങ്ങളുടെ പോരാട്ടം; ഇന്ത്യയും പാകിസ്ഥാനും അങ്കത്തട്ടില്‍