നാളെ റിഷഭോ ഡികെയോ, സസ്‌പെന്‍സ് വിടാതെ രോഹിത് ശര്‍മ്മ; അക്‌സറിന് പിന്തുണ, സൂര്യകുമാറിന് പ്രശംസ
സിംബാബ്‌വെക്കെതിരായ അവസാന സൂപ്പര്‍-12 മത്സരത്തില്‍ റിഷഭായിരുന്നു വിക്കറ്റ് പിന്നില്‍ ഗ്ലൗസണിഞ്ഞത്
അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ താന്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. പരിശീലനത്തിനിടെ പന്ത് കൊണ്ട് രോഹിത്തിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തുടരുമോ അതോ ദിനേശ് കാര്‍ത്തിക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഹിറ്റ്‌മാന്‍ വ്യക്തത വരുത്തിയില്ല. അഡ്‌ലെയ്‌ഡ് ഓവലില്‍ നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി. സിംബാബ്‌വെക്കെതിരായ അവസാന സൂപ്പര്‍-12 മത്സരത്തില്‍ റിഷഭായിരുന്നു വിക്കറ്റ് പിന്നില്‍ ഗ്ലൗസണിഞ്ഞത്. അതിന് മുമ്പുള്ള മത്സരങ്ങളില്‍ വെറ്ററന്‍ ദിനേശ് കാര്‍ത്തിക്കിനാണ് ടീം ഇന്ത്യ അവസരം നല്‍കിയത്.
അക്‌സറിന് പിന്തുണ, സൂര്യക്ക് പ്രശംസ
'അക്‌സര്‍ പട്ടേലിന്‍റെ കാര്യത്തില്‍ തനിക്ക് വലിയ ആശങ്കകളില്ല. കുറെയേറെ ഓവറുകളൊന്നും അക്‌സര്‍ ഇക്കുറി എറിഞ്ഞിട്ടില്ല. സിഡ്‌നിയൊഴികെയുള്ള ഗ്രൗണ്ടുകളെല്ലാം പേസിനെ പിന്തുണയ്ക്കുന്നതാണ്. പവര്‍പ്ലേയില്‍ നന്നായി പന്തെറിയുന്നതാണ് അക്‌സറിന്‍റെ കരുത്ത്. സൂര്യകുമാര്‍ യാദവ് ഉത്തരവാദിത്വത്തത്തോടെ കളിക്കുന്നു. സൂര്യ ഏറെ പക്വത കാട്ടുന്നു. വലിയ ഗ്രൗണ്ടുകളില്‍ കളിക്കാന്‍ അദേഹം ഇഷ്ടപ്പെടുന്നു. കൂടെ ബാറ്റ് ചെയ്യുന്ന താരങ്ങള്‍ക്ക് ആവേശമാകുന്നു.
കഴിഞ്ഞ ദിവസം പരിക്കേറ്റെങ്കിലും ഞാന്‍ ഓക്കെയാണ്. മധ്യ ഓവറുകളില്‍ സ്‌പിന്നര്‍മാര്‍ക്കെതിരെ ഇടംകൈയന്‍മാര്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിക്കൂടിയാണ് റിഷഭ് പന്തിനെ സിംബാബ്‌വെക്കെതിരെ കളിപ്പിച്ചത്. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പിക്കുക വലിയ വെല്ലുവിളിയാണ്. അങ്ങനെ വിജയിക്കാനായതിന്‍റെ ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റും ആത്മവിശ്വാസം നല്‍കുന്നു. ഓസ്ട്രേലിയന്‍ ലോകകപ്പിലെ വിവിധ ഗ്രൗണ്ടുകളില്‍ പല അളവിലുള്ള ബൗണ്ടറികളാണ് എന്നത് വെല്ലുവിളിയാണ്. ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനം തുടരാനാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്' എന്നും രോഹിത് ശര്‍മ്മ സെമിക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.