ബുമ്രയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ജാഗ്രത കാരണം; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ
ഏഷ്യ കപ്പിലെ ഇന്ത്യയുടെ ദയനീയ തോൽവിക്ക് കാരണങ്ങളിൽ പ്രധാനം ബുമ്രയില്ലാത്തതായിരുന്നു
ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പ് പ്രാധാന്യമേറിയതെങ്കിലും കരിയര്‍ അതിനേക്കാൾ പ്രധാനമായതുകൊണ്ടാണ് ജസ്പ്രീത് ബുമ്രയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ. പാകിസ്ഥാനെതിരെ മത്സരത്തിൽ ഇന്ത്യക്ക് അമിത സമ്മർദം ഇല്ലെന്നും രോഹിത് പറഞ്ഞു. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് ഇന്ത്യ-പാക് ആവേശ പോരാട്ടം.
ടി20 ലോകകപ്പിന് മുമ്പ് ജസ്പ്രീത് ബുമ്രയുടെ അഭാവം ഇനിയും നികത്താനായിട്ടില്ല ടീം ഇന്ത്യക്ക്. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ദയനീയ തോൽവിക്ക് കാരണങ്ങളിൽ പ്രധാനം ബുമ്രയില്ലാത്തതായിരുന്നു. ലോകകപ്പില്‍ ഇന്ത്യയെ അലട്ടുന്നതും ഇതേ പ്രശ്നം. എന്നാൽ ബുമ്രയുടെ പരിക്ക് കൂടുതൽ വഷളാവാതിരിക്കാനാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ക്യാപറ്റൻ രോഹിത് ശര്‍മ്മ ലോകകപ്പിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ട്വന്‍റി20 ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകളുടെയും ക്യാപ്റ്റൻമാരെ ഉൾപ്പെടുത്തിയായിരുന്നു പ്രസ് കോണ്‍ഫറൻസ്.
ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി ഓസ്ട്രേലിയയില്‍ എത്തിയ പേസര്‍ മുഹമ്മദ് ഷമിയെ കുറിച്ചും രോഹിത് മനസുതുറന്നു. 'മുഹമ്മദ് ഷമിയെ ഞാനടുത്ത് കണ്ടിട്ടില്ല. എന്നാല്‍ ഷമി മികച്ച ഫിറ്റ്‌നസിലാണ് എന്നാണ് മനസിലാക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പൂര്‍ണ പരിശീലന സെഷനുകള്‍ കഴിഞ്ഞാണ് താരം വരുന്നത്. ഞായറാഴ്‌ച ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീമിന് പ്രാക്‌ടീസ് സെഷനുണ്ട്. അവിടെവച്ച് മുഹമ്മദ് ഷമിയെ കാണാമെന്നും അതിനനുസരിച്ച് തീരുമാനം കൈക്കൊള്ളാമെന്നുമാണ് പ്രതീക്ഷ' എന്നുമായിരുന്നു രോഹിത് ശര്‍മ്മയുടെ വാക്കുകള്‍.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.
പാകിസ്ഥാനെതിരായ ഇലവന്‍ തയ്യാര്‍; ടി20 ലോകകപ്പില്‍ ഒരുമുഴം മുന്നേ എറിഞ്ഞ് രോഹിത് ശര്‍മ്മ