ടി20 ലോകകപ്പ്: രോഹിത്, കോലി, സൂര്യ മിന്നി; ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 180 റണ്‍സ് വിജയലക്ഷ്യം
പവര്‍ പ്ലേക്കുശേഷം കരുത്തുകാട്ടിയ രോഹിത് തകര്‍പ്പന്‍ ബാറ്റിംഗുമായി മുന്നേറിയപ്പോള്‍ കോലി നങ്കൂരമിട്ട് കളിച്ച് പിന്തുണ നല്‍കി. ഒമ്പതാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 53 റണ്‍സുമായി പതിനൊന്നാം ഓവറില്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 84 റണ്‍സെ ഉണ്ടായിരുന്നുള്ളു. നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ പതിനാലാം ഓവറില്‍ 100 കടന്നു.
സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി. അവസാന പന്തില്‍ സിക്സ് അടിച്ചാണ് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്.
രാഹുകാലം മാറാതെ രാഹുല്‍, രക്ഷപ്പെട്ട് രോഹിത്
പതിഞ്ഞ തുടക്കമിടുന്നതിന്‍റെ പേരില്‍ ഏറെ പഴി കേട്ട രോഹിത്തും രാഹുലും ദുര്‍ബലരായ നെതര്‍ലന്‍ഡിനെതിരെയും പതുക്കെയാണ് തുടങ്ങിയത്. വാന്‍ മീക്കീരന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യക്ക് കെ എല്‍ രഹുലിന്‍റെ വിക്കറ്റ് നഷ്ടമായി. മീക്കീരന്‍റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്ത് നേരിട്ട രാഹുല്‍ നേടിയത് 9 റണ്‍സ്. റിവ്യൂവിന് പോലും അവസരമില്ലാതെയാണ് രാഹുല്‍ പുറത്തായത്. എന്നാല്‍ ആ ഓവറിലെ അവസാന പന്തില്‍ സിക്സ് അടിച്ച് രോഹിത് ശര്‍മ പ്രതീക്ഷ നല്‍കിയെങ്കിലും ഫ്രെഡ് ക്ലാസന്‍റെ അഞ്ചാം ഓവറില്‍ രോഹിത് നല്‍കിയ അനായാസ ക്യാച്ച് ടിം പ്രിംഗിള്‍ നിലത്തിട്ടത് ഇന്ത്യക്ക് ആശ്വാസമായി.പവര്‍ പ്ലേയില്‍ ഇന്ത്യ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രം.
പവര്‍ പ്ലേക്കുശേഷം കരുത്തുകാട്ടിയ രോഹിത് തകര്‍പ്പന്‍ ബാറ്റിംഗുമായി മുന്നേറിയപ്പോള്‍ കോലി നങ്കൂരമിട്ട് കളിച്ച് പിന്തുണ നല്‍കി. ഒമ്പതാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 53 റണ്‍സുമായി പതിനൊന്നാം ഓവറില്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 84 റണ്‍സെ ഉണ്ടായിരുന്നുള്ളു. നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ പതിനാലാം ഓവറില്‍ 100 കടന്നു.
പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 114 റണ്‍സിലെത്തിയിരുന്ന ഇന്ത്യ അവസാന അഞ്ചോവറില്‍ 65 റണ്‍സാണ് അടിച്ചെടുത്തത്. കോലി 37 പന്തില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി തികച്ച് പുറത്താകാതെ നിന്നപ്പോള്‍ സൂര്യ ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സ് അടിച്ച് ലോകകപ്പിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഏഴ് ഫോറും ഒരു സിക്സും പറത്തിയാണ് സൂര്യ 51 റണ്‍സെടുത്തത്. വിരാട് കോലി മൂന്ന് ഫോറും രണ്ട് സിക്സും പറത്തി.