റൂസ്സോ ക്ലാസിക്, സിക്സർ മഴ; സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പടുകൂറ്റന്‍ സ്കോർ
എന്നാല്‍ അവസാന ഓവറുകളില്‍ മികച്ച ബൗളിംഗുമായി ബംഗ്ലാദേശ് പ്രോട്ടീസിനെ ഹിമാലയന്‍ സ്കോറില്‍ നിന്ന് പിടിച്ചുകെട്ടി
സിഡ്നി: സിഡ്നി ക്രിക്കറ്റ് മൈതാനത്ത് മഴയ്ക്ക് പിന്നാലെ സിക്സർ മഴയുമായി റൈലി റൂസ്സോയും ക്വിന്‍റണ്‍ ഡികോക്കും തകർത്തടിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ റണ്‍മഴ. സൂപ്പർ-12 പോരാട്ടത്തില്‍ പ്രോട്ടീസ് 20 ഓവറില്‍ 5 വിക്കറ്റിന് 205 റണ്‍സ് അടിച്ചുകൂട്ടി. റൂസ്സോ 56 പന്തില്‍ 109 ഉം ഡികോക്ക് 38 പന്തില്‍ 63 ഉം റണ്‍സെടുത്തു. ഡെത്ത് ഓവറുകളിലെ ബംഗ്ലാ തിരിച്ചുവരവാണ് 230 എങ്കിലുമെത്തേണ്ടിയിരുന്ന പ്രോട്ടീസ് സ്കോർ പിടിച്ചുകെട്ടിയത്.
റൂസ്സോ! വേറെ ലെവല്‍
ലോകകപ്പിലെ മോശം ഫോം തുടരുന്ന നായകന്‍ തെംബാ ബാവുമയെ ഇന്നിംഗ്സിന്‍റെ ആദ്യ ഓവറിലെ ആറാം പന്തില്‍ നഷ്ടമായതൊന്നും ദക്ഷിണാഫ്രിക്കയെ ഉലച്ചില്ല. 6 പന്തില്‍ 2 നേടിയ ബാവുമയെ ടസ്കിന്‍ അഹമ്മദ്, നൂരുല്‍ ഹസന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 5.5 ഓവറില്‍ 62-1 എന്ന നിലയില്‍ നില്‍ക്കേ മഴയെത്തിയപ്പോള്‍ മത്സരം പുനരാരംഭിച്ച ഉടനെ സിക്സർ വെടിക്കെട്ടിന് തുടക്കമിടുകയായിരുന്നു റൈലി റൂസ്സോയും ക്വിന്‍റണ്‍ ഡികോക്കും. ഇതോടെ വെറും 13.2 ഓവറില്‍ പ്രോട്ടീസ് 150 പിന്നിട്ടു. ഇതേ ഓവറില്‍ വ്യക്തിഗത സ്കോർ 88ല്‍ നില്‍ക്കേ റൂസോയെ ഹസന്‍ മഹ്മൂദ് വിട്ടുകളഞ്ഞു.
തൊട്ടടുത്ത ഓവറില്‍ ഡികോക്കിനെ പുറത്താക്കി ആഫിഫ് ഹൊസൈനാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ നല്‍കിയത്. 38 പന്തില്‍ 63 റണ്‍സ് നേടി ഡികോക്ക് സൗമ്യ സർക്കാരിന്‍റെ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 168 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു. യുവ വെടിക്കെട്ട് വീരന്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് 7 പന്തില്‍ ഏഴ് റണ്ണുമായി ഷാക്കിബിന് മുന്നില്‍ മടങ്ങിയത് ദക്ഷിണാഫ്രിക്കയുടെ ഫിനിഷിംഗ് മോഹങ്ങള്‍ തച്ചുടച്ചു. എങ്കിലും 52 പന്തില്‍ റൈലി റൂസോ തുടർച്ചയായ തന്‍റെ രണ്ടാം രാജ്യാന്തര ടി20 ശതകം പൂർത്തിയാക്കി.
ബംഗ്ലാ തിരിച്ചുവരവ്
അവസാന ഓവറുകളില്‍ മികച്ച ബൗളിംഗുമായി ബംഗ്ലാദേശ് പ്രോട്ടീസിനെ ഹിമാലയന്‍ സ്കോറില്‍ നിന്ന് പിടിച്ചുകെട്ടി. 56 പന്തില്‍ ഏഴ് ഫോറും 8 സിക്സും സഹിതം 109 റണ്‍സെടുത്ത റൂസ്സോയെ ഷാക്കിബ് പുറത്താക്കി. ഇന്നിംഗ്സിലെ അവസാന ഓവറിലെ മൂന്നാം പന്തില്‍ ദക്ഷിണാഫ്രിക്ക 200 കടന്നു. തൊട്ടടുത്ത പന്തില്‍ ഏയ്ഡന്‍ മാർക്രം(11 പന്തില്‍ 10) പുറത്തായി. ഡേവിഡ് മില്ലർ 4 പന്തില്‍ 2 ഉം വെയ്ന്‍ പാർനല്‍ 2 പന്തില്‍ അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു. അവസാന 5 ഓവറില്‍ വെറും 29 റണ്‍സാണ് ബംഗ്ലാ ബൗളർമാർ വിട്ടുകൊടുത്തത്. ഹസന്‍ മഹ്മൂദും ഷാക്കിബുമായിരുന്നു ഈ ആക്രമണത്തിന് ചുക്കാന്‍പിടിച്ചത്.
ചാഹല്‍ ഇറങ്ങുമോ? നെതർലന്‍ഡ്സിനെതിരെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ പ്രവചിച്ച് അനില്‍ കുംബ്ലെ