ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് നാമനിര്‍ദേശം
സിംബാബ്‌വെ ഓള്‍ റൗണ്ടറായ സിക്കന്ദര്‍ റാസ ഈ ലോകകപ്പില്‍ മൂന്ന് തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. എട്ട് കളികളില്‍ 219 റണ്‍സടിച്ച റാസ 10 വിക്കറ്റും വീഴ്ത്തി. അലക്സ് ഹെയ്ല്‍സ് ആകട്ടെ സെമിയില്‍ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും. ബാറ്റര്‍മാരായ വിരാട് കോലിയും സൂര്യകുമാര്‍ യാദവുമാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. കോലിക്കും സൂര്യക്കും പുറമെ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍, പേസര്‍ ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍, ഓപ്പണര്‍ അലക്സ് ഹെയ്ല്‍സ്, ഓള്‍ റൗണ്ടര്‍ സാം കറന്‍, സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ എന്നിവരാണ് ടൂര്‍ണമെന്‍റിലെ താരമാകാനുള്ളവരുടെ പട്ടികയില്‍ ഇടം നേടിയത്.
ടൂര്‍ണമെന്‍റിലെ റണ്‍വേട്ടയില്‍ മുന്നിലുള്ള താരങ്ങളാണ് കോലിയും സൂര്യയും. ആറ് മത്സരങ്ങളില്‍ നിന്ന് കോലി 98.67 ശരാശരിയില്‍ 136.41 സ്ട്രൈക്ക് റേറ്റില്‍ 296 റണ്‍സടിച്ച് ഒന്നാം സ്ഥാനത്താണ്. സൂര്യയാകട്ടെ ആറ് മത്സരങ്ങളില്‍ 59.75 ശരാശരിയില്‍ 189.68 സ്ട്രൈക്ക് റേറ്റില്‍ 239 റണ്‍സടിച്ച് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്.
പരമ്പരകള്‍ തൂത്തുവാരും, ഐസിസി ടൂര്‍ണമെന്‍റ് വരുമ്പോള്‍ തുന്നംപാടും; ടീം ഇന്ത്യക്ക് എന്തുപറ്റി
സിംബാബ്‌വെ ഓള്‍ റൗണ്ടറായ സിക്കന്ദര്‍ റാസ ഈ ലോകകപ്പില്‍ മൂന്ന് തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. എട്ട് കളികളില്‍ 219 റണ്‍സടിച്ച റാസ 10 വിക്കറ്റും വീഴ്ത്തി. അലക്സ് ഹെയ്ല്‍സ് ആകട്ടെ സെമിയില്‍ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
യോഗ്യതാ റൗണ്ട് മുതല്‍ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക എട്ട് മത്സരങ്ങളില്‍ 6.41 ഇക്കോണമിയില്‍ 15 വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ സാം കറന്‍ ടി20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇംഗ്ലീഷ് പേസറെന്ന നേട്ടവും ലോകകപ്പില്‍ സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരെ ആയിരുന്നു കറന്‍റെ നേട്ടം.
പാക്കിസ്ഥാനായി ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന ഷദാബ് ഖാന്‍ ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാനായി ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന(98) ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ആറ് മത്സരങ്ങളില്‍ 10 വിക്കറ്റ് നേടിയ ഷദാബ് ദക്ഷിണാഫ്രിക്കക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും നേടി.