106 മീറ്റർ കടന്ന് പാക് താരത്തിന്‍റെ പടുകൂറ്റന്‍ സിക്സ്; ഈ കാഴ്ച മിസ്സാക്കരുത്- വീഡിയോ
പേസർ ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ഗാലറിയിലേക്ക് പായിക്കുകയായിരുന്നു താരം
സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ന് സൂപ്പർ-12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് പാകിസ്ഥാന്‍ നിർണായക ജയം നേടിയിരുന്നു. സെമി സാധ്യത നിലനിർത്താന്‍ പാകിസ്ഥാന് ഏറെ അനിവാര്യമായിരുന്നു ഈ ജയം. മത്സരത്തില്‍ പാകിസ്ഥാനായി ബാറ്റിംഗില്‍ തിളങ്ങിയ താരങ്ങളിലൊരാള്‍ ഇഫ്തിഖർ അഹമ്മദാണ്. 106 മീറ്റർ ദൂരം പറന്ന ഒരു സിക്സർ ഇഫ്തിഖറിന്‍റെ വക മത്സരത്തിലുണ്ടായിരുന്നു.
പാകിസ്ഥാന്‍ ഇന്നിംഗ്സിലെ 16-ാം ഓവറിലായിരുന്നു ഈ സിക്സ്. പേസർ ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ഗാലറിയിലേക്ക് പായിക്കുകയായിരുന്നു താരം. 33 റണ്‍സിലായിരുന്നു ഇഫ്തിഖർ ഈസമയം. കൂറ്റന്‍ സിക്സർ നേടിയ ഇഫ്തിഖറിനെ സഹതാരം ഷദാബ് ഖാന്‍ അഭിനന്ദിക്കുകയും ചെയ്തു. ഈ ഓവറില്‍ എന്‍ഗിഡി 15 റണ്‍സ് വഴങ്ങി. മത്സരത്തില്‍ അർധസെഞ്ചുറികളുമായി 35 പന്തില്‍ 82 റണ്‍സിന്‍റെ കൂട്ടുകെട്ട് ഇഫ്തിഖറും ഷദാബും സൃഷ്ടിച്ചിരുന്നു. ഇഫ്തിഖർ 35 പന്തില്‍ 51 ഉം ഷദാബ് 22 പന്തില്‍ 52 റണ്‍സ് നേടി പുറത്തായി. ഇതിന് പുറമെ 16 റണ്‍സിന് രണ്ട് വിക്കറ്റും നേടിയ ഷദാബായിരുന്നു മത്സരത്തിലെ താരം.
മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മഴനിയമപ്രകാരം 33 റണ്‍സിന് പാകിസ്ഥാന്‍ തകർത്തുവിട്ടു. മഴമൂലം 14 ഓവറില്‍ 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റിന് 108 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഷദാബിന്‍റെ ഓള്‍റൗണ്ടും ഇഫ്തിഖറിന്‍റെ ബാറ്റിംഗ് കൊണ്ടും ശ്രദ്ധേയമായ കളിയില്‍ പാക് പേസർ ഷഹീന്‍ ഷാ അഫ്രീ മൂന്ന് വിക്കറ്റ് നേടി. സിഡ്നിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റിന് 185 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ പ്രോട്ടീസ് 9 ഓവറില്‍ 69-4 എന്ന സ്കോറില്‍ നില്‍ക്കേ മഴയെത്തിയതോടെയാണ് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചത്.