ആറാം വിക്കറ്റിലെ ആറാട്ട്; റെക്കോർഡിട്ട് പാക് താരങ്ങളായ ഇഫ്തിഖറും ഷദാബും
അർധസെഞ്ചുറികളുമായി കളംനിറഞ്ഞ ഇഫ്തിഖർ അഹമ്മദും ഷദാബ് ഖാനുമാണ് പാക് ഇന്നിംഗ്സിന് കരുത്തായത്
സിഡ്നി: ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് തിരിച്ചുവരവുകളില്‍ ഒന്നിനാണ് ഇന്ന് സിഡ്നി ക്രിക്കറ്റ് മൈതാനം സാക്ഷ്യം വഹിച്ചത്. വെറും 43 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായിട്ടും മുഹമ്മദ് നവാസ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാന്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ പാകിസ്ഥാന്‍ സ്കോർ ബോർഡില്‍ 20 ഓവറില്‍ 185-9 റണ്‍സ് ചേർക്കുകയായിരുന്നു. നാല് വിക്കറ്റ് വീണ ശേഷം 142 റണ്‍സ് പാകിസ്ഥാന്‍ അടിച്ചുകൂട്ടി.
22 പന്തില്‍ 28 റണ്‍സെടുത്ത മുഹമ്മദ് നവാസ് പുറത്തായ ശേഷം ആറാം വിക്കറ്റില്‍ ഒന്നിച്ച് അർധസെഞ്ചുറികളുമായി കളംനിറഞ്ഞ ഇഫ്തിഖർ അഹമ്മദും ഷദാബ് ഖാനുമാണ് പാക് ഇന്നിംഗ്സിന് കരുത്തായത്. ഇവരില്‍ ഷദാബ് വെറും 20 പന്തില്‍ നിന്ന് അർധസെഞ്ചുറി നേടി. രാജ്യാന്തര ടി20യില്‍ ഒരു പാക് താരത്തിന്‍റെ വേഗമേറിയ രണ്ടാം ഫിഫ്റ്റിയാണിത്. 2021ല്‍ സ്കോട്‍ലന്‍ഡിനെതിരെ ഷൊയൈബ് മാലിക് 18 പന്തില്‍ നേടിയ അർധശതകമാണ് മുന്നില്‍. മത്സരത്തില്‍ തകർപ്പനടികളുമായി കയ്യടിവാങ്ങിയ ഇഫ്തിഖർ-ഷദാബ് സഖ്യത്തിനും റെക്കോർഡുണ്ട്. രാജ്യാന്തര ടി20യില്‍ ആറോ അതില്‍ത്താഴെയോ വിക്കറ്റ് സ്ഥാനത്ത് പാകിസ്ഥാന്‍റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ഇരുവരും 35 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ 2019ല്‍ ആസിഫ് അലിയും ഇമാദ് വസീമും 47 പന്തില്‍ നേടിയ 75 റണ്‍സിന്‍റെ റെക്കോർഡ് പഴങ്കഥയായി. മിസ്‍ബാ ഉള്‍ ഹഖ്- ഷൊയൈബ് മാലിക് സഖ്യം 2012ല്‍ 56 പന്തില്‍ നേടിയ 71 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.
സിഡ്നിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ശക്തമായ തിരിച്ചുവരവില്‍ 20 ഓവറില്‍ 9 വിക്കറ്റിന് 185 റണ്‍സ് പടുത്തുയർത്തി. ഷദാബ് ഖാന്‍ 22 പന്തില്‍ 52 ഉം ഇഫ്തിഖർ അഹമ്മദ് 35 പന്തില്‍ 51 ഉം റണ്‍സ് സ്വന്തമാക്കി. മുഹമ്മദ് നവാസ് 22 പന്തില്‍ 28 ഉം മുഹമ്മദ് ഹാരിസ് 11 പന്തില്‍ 28 ഉം റണ്‍സും പേരിലാക്കി. ദക്ഷിണാഫ്രിക്കയ്ക്കായി നാല് ഓവറില്‍ 41 റണ്‍സിന് ആന്‍റിച്ച് നോർക്യ നാല് വിക്കറ്റ് നേടി. പാർനല്‍, റബാഡ, എന്‍ഗിഡി, ഷംസി എന്നിവർ ഓരോരുത്തരെ മടക്കി.
നാല് വിക്കറ്റ് വീണ ശേഷം നാലുപാടും അടിപൂരം; പാകിസ്ഥാന് റെക്കോർഡ്