ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം: മെല്‍ബണില്‍ നിറഞ്ഞ് മഴമേഘങ്ങള്‍, പക്ഷേ ആശ്വാസവാര്‍ത്തയുണ്ട്
മെല്‍ബണില്‍ വൈകിട്ട് മഴയ്ക്ക് സാധ്യതയുണ്ട് എന്ന് നേരത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ പുറത്തുവന്നിരുന്നു
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍-12 പോരാട്ടത്തിന് മുമ്പ് മെല്‍ബണില്‍ നിന്ന് പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്ത. ദിവസങ്ങളായി തുടര്‍ന്നിരുന്ന മഴ മത്സരദിനമായ ഇന്ന് രാവിലെ മെല്‍ബണില്‍ വിട്ടുനില്‍ക്കുകയാണ് എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മൂടിക്കെട്ടിയ ആകാശമാണ് മെല്‍ബണിലെങ്കിലും മത്സരസമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറഞ്ഞതായുള്ള ശുഭസൂചനയും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് പുറത്തുവരുന്നുണ്ട്.
മെല്‍ബണില്‍ വൈകിട്ട് മഴയ്ക്ക് സാധ്യതയുണ്ട് എന്ന് നേരത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ പുറത്തുവന്നിരുന്നു. ഞായറാഴ്ച മഴ പെയ്യാൻ 70 ശതമാനം സാധ്യതയുണ്ട് എന്നായിരുന്നു പ്രവചനം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ മഴ മത്സരത്തെ കാര്യമായി ബാധിച്ചേക്കില്ല എന്ന തരത്തിലാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ മേഘാവൃതമായ ആകാശത്തിന് കീഴിലായിരിക്കും മത്സരം നടക്കാന്‍ സാധ്യത. മത്സരം നടക്കണമെങ്കില്‍ ഇരു ടീമുകള്‍ക്കും കുറഞ്ഞത് അഞ്ച് ഓവറുകള്‍ വേണമെന്നതാണ് രാജ്യാന്തര ടി20യിലെ ചട്ടം. മത്സരം ആരംഭിക്കാന്‍ വൈകിയാലോ, ഇടയ്‌ക്ക് തടസപ്പെട്ടാലോ മഴനിയമം പ്രയോഗിക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ അനുവദിച്ചിട്ടില്ല എന്നതിനാല്‍ മത്സരം നടത്താനുള്ള എല്ലാ സാധ്യതയും മാച്ച് റഫറി തേടും.
ഇന്നലെ ഇന്ത്യ-പാക് ടീമുകള്‍ മത്സരത്തിന് മുന്നോടിയായി എംസിസിയില്‍ പരിശീലനം നടത്തി. ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഏറെ നേരം പിച്ച് പരിശോധിച്ചു. ദ്രാവിഡിന്‍റെ പരിശോധന അരമണിക്കൂറോളം നീണ്ടു. പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ നേരിടാന്‍ പ്രത്യേക പരിശീലനം ടീം നടത്തി. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നപ്പോള്‍ മത്സരഫലമെഴുതിയത് ഷഹീന്‍റെ പന്തുകളായിരുന്നു. ഷഹീന്‍ ഷാ അഫ്രീദി മൂന്ന് വിക്കറ്റ് നേടിയ മത്സരം പാകിസ്ഥാന്‍ 10 വിക്കറ്റിന് ജയിക്കുകയായിരുന്നു.
ഒരു നിമിഷം പോലും മിസ്സാവരുത്; ഇന്ത്യ-പാക് സൂപ്പര്‍ സണ്‍ഡേ വിവിധ രാജ്യങ്ങളില്‍ കാണാന്‍ ഈ വഴികള്‍