ട്വന്‍റി 20 ലോകകപ്പ്: സൂപ്പർ-12 പോരാട്ടങ്ങള്‍ ഇന്നുമുതല്‍; കിവീസും ഓസീസും നേര്‍ക്കുനേര്‍
ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റ ഓസ്ട്രേലിയ സന്നാഹമത്സരത്തിൽ ഇന്ത്യയോടും തോല്‍വി രുചിച്ചാണ് ലോകകപ്പിനൊരുങ്ങുന്നത്
സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന് പകരം ഓസ്ട്രേലിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റ ഓസ്ട്രേലിയ സന്നാഹമത്സരത്തിൽ ഇന്ത്യയോടും തോല്‍വി രുചിച്ചാണ് ലോകകപ്പിനൊരുങ്ങുന്നത്.
ന്യൂസിലൻഡ് സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ ഇന്ത്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ന്യൂസിലൻഡ്- ഓസ്ട്രേലിയ മത്സരത്തിനും മഴഭീഷണിയുണ്ട്. ഇന്നത്തെ രണ്ടാംമത്സരത്തിൽ അഫ‌്‌ഗാനിസ്ഥാനെ ഇംഗ്ലണ്ട് നേരിടും. പെർത്തിൽ വൈകീട്ട് നാലരയ്ക്കാണ് കളി തുടങ്ങുക.
ഓസീസ് സ്‌ക്വാഡ്: ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ജോഷ് ഹേസല്‍വുഡ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ല്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്(വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സൗത്തി, ഇഷ് സോഥി, മിച്ചല്‍ സാന്‍റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ലോക്കീ ഫെര്‍ഗൂസന്‍, ദേവോണ്‍ കോണ്‍വേ, മാര്‍ക് ചാപ്‌മാന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ട്രെന്‍റ് ബോള്‍ട്ട്, ഫിന്‍ അലന്‍.
ഇന്ത്യക്ക് നാളെ അങ്കം
ട്വന്‍റി 20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ടീം ഇന്ത്യ നാളെ അയല്‍ക്കാരായ പാകിസ്ഥാനെതിരെ ഇറങ്ങും. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്താണ് മത്സരം. ജസ്പ്രീത് ബുമ്രക്ക് പകരം അവസാന നിമിഷം സ്‌ക്വാഡിലെത്തിയ പേസര്‍ മുഹമ്മദ് ഷമി കളിക്കുമോ എന്നതടക്കം പ്ലേയിംഗ് ഇലവന്‍ ആകാംക്ഷയാണ്. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക് ഇടംപിടിച്ചുകഴിഞ്ഞു എന്നാണ് സൂചനകള്‍. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഇന്ന് അവസാനവട്ട പരിശീലനത്തിനിറങ്ങും.