ആവേശം സിഡ്‌നിയുടെ ആകാശത്ത്; കിവീസ്-പാക് സൂപ്പര്‍ സെമിക്ക് ടോസ് വീണു, ആരാവും ആദ്യ ഫൈനലിസ്റ്റ്
ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് ട്വന്‍റി 20 ലോകകപ്പിലെ അവസാന നാലിലെത്തിയത്
സിഡ്‌നി: വിഖ്യാതമായ സിഡ്‌നി ക്രിക്കറ്റ് മൈതാനം ഒരുങ്ങി, ട്വന്‍റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ ആദ്യ സെമി ഫൈനല്‍ അല്‍പസമയത്തിനകം. ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും അവസാന സൂപ്പര്‍-12 മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെ ഇന്ന് അണിനിരത്തുന്നു. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ജേതാക്കളെ ഫൈനലില്‍ 13-ാം തിയതി നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കലാശപ്പോര്.
ന്യൂസിലന്‍ഡ് ടീം: Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Tim Southee, Ish Sodhi, Lockie Ferguson, Trent Boult
പാകിസ്ഥാന്‍ ടീം: Mohammad Rizwan(w), Babar Azam(c), Mohammad Nawaz, Mohammad Haris, Shan Masood, Iftikhar Ahmed, Shadab Khan, Mohammad Wasim Jr, Naseem Shah, Haris Rauf, Shaheen Afridi
ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് ട്വന്‍റി 20 ലോകകപ്പിലെ അവസാന നാലിലെത്തിയത്. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അവിശ്വസനീയമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു പാകിസ്ഥാൻ. ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്ഥാനെ സിംബാബ്‍വെ അട്ടിമറിച്ചിട്ടും അവസാന മത്സരങ്ങളിൽ തുടരെ ജയിച്ച് ടീം സെമി ഉറപ്പിക്കുകയായിരുന്നു. കരുത്തുറ്റ പേസ് ബൗളിംഗ് നിരയാണ് പാകിസ്ഥാന്‍റെ പ്രത്യേകത. ബാബര്‍ അസമുള്‍പ്പടെയുള്ള ബാറ്റര്‍മാര്‍ ഇന്ന് ഫോമിലേക്ക് ഉയരുകയും പാക് ടീമിന് അനിവാര്യം.
ഇന്ത്യക്ക് അങ്കം നാളെ
നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് കളി. പാകിസ്ഥാനെയും നെതർലൻഡിനെയും ബംഗ്ലാദേശിനെയും സിംബാബ്‍വെയെയും തോൽപ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് 2 ചാമ്പ്യൻമാരായി സെമിയിലെത്തിയത്. സെമികളില്‍ ടീം ഇന്ത്യയും പാകിസ്ഥാനും വിജയിച്ചാല്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരും.