മഴമൂടി ഗാബ; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം വൈകുന്നു, നിരാശ വാര്‍ത്ത
ബ്രിസ്‌ബേനില്‍ രണ്ട് മണിക്കൂറിലേറെയായി മഴ, മത്സരം ആരംഭിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞുവരികയാണ്
ബ്രിസ്‌ബേന്‍: ഗാബയില്‍ ന്യൂസിലന്‍ഡിന് എതിരായ ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് വാംഅപ് മത്സരം മഴമൂലം വൈകുന്നു. ഇതുവരെ ടോസ് ഇടാനായിട്ടില്ല. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ടോസ് വീഴേണ്ടിയിരുന്നത്. രണ്ട് മണിക്കൂറിലേറെയായി ബ്രിസ്‌ബേനില്‍ മഴ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ഓവര്‍ വീതമെങ്കിലുമുള്ള മത്സരം ആരംഭിക്കാന്‍ ഇനിയുമേറെ സമയം അവശേഷിക്കുന്നുണ്ടെങ്കിലും മഴമാറി കളി ആരംഭിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞുവരികയാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന ഔദ്യോഗിക പരിശീലന മത്സരമാണിത്.
അഫ്‌ഗാന്‍-പാക് മത്സരത്തിനും പണികൊടുത്ത് മഴ
ഇതേ സ്റ്റേഡിയത്തില്‍ രാവിലെ നടന്ന അഫ്‌ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ വാംഅപ് മത്സരം മഴമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. അഫ്‌ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ പാകിസ്ഥാന്‍ 2.2 ഓവറില്‍ 19-0 എന്ന സ്കോറില്‍ നില്‍ക്കേയാണ് മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിക്കാനായില്ല. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റേയും വാംഅപ് മത്സരങ്ങള്‍ അവസാനിച്ചു. സൂപ്പര്‍-12ല്‍ അഫ്‌ഗാന്‍ ശനിയാഴ്‌ച ഇംഗ്ലണ്ടിനെയും പാകിസ്ഥാന്‍ ഞായറാഴ്‌ച അയല്‍ക്കാരായ ഇന്ത്യയേയും നേരിടും.
ജയം തുടരാന്‍ ഇന്ത്യ
പേസര്‍ മുഹമ്മദ് ഷമിയുടെ വിസ്‌മയ ബൗളിംഗില്‍ ഓസീസിനെതിരായ ആദ്യ വാംഅപ് മത്സരം 6 റൺസിന് അവസാന പന്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ വെറും നാല് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഷമി അമ്പരപ്പിക്കുകയായിരുന്നു. ഇതിന് പുറമെ ഒരു റണ്ണൗട്ടുമുണ്ടായിരുന്നു 20-ാം ഓവറില്‍. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 180 റണ്‍സില്‍ ഓള്‍ഔട്ടായി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറും നിര്‍ണായകമായി. ഹര്‍ഷല്‍ ഈ ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.
മിന്നല്‍ കാംഫെര്‍! സ്കോട്‌ലന്‍ഡിന് മേല്‍ ഐറിഷ് വെടിക്കെട്ട്; അയര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം