ഒരു ഇന്ത്യന്‍ താരത്തെ ഭയക്കണം; സെമിക്ക് മുമ്പ് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

2021ല്‍ മാത്രം അരങ്ങേറ്റം കുറിച്ച താരമാണ് ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും മികച്ച പുരുഷ ടി20 ബാറ്ററായത്

T20 World Cup 2022 Nasser Hussain ultimate praise for India star Suryakumar Yadav ahead IND vs ENG semi

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമിക്ക് മുമ്പ് ഇംഗ്ലണ്ടിന് കനത്ത മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍. തകര്‍പ്പന്‍ ഫോമിലുള്ള മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ ഭയക്കണം എന്നാണ് ഇംഗ്ലീഷ് മുന്‍ നായകന്‍ പറയുന്നത്. 

'സൂര്യകുമാര്‍ യാദവ് മികച്ച താരമാണ്. 360 എന്ന വിശേഷണം സൂര്യകുമാറിന്‍റെ കാര്യത്തില്‍ ശരിയാണ്. ഓഫ്‌സ്റ്റംപിന് പുറത്തുനിന്നുള്ള പന്ത് ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സറടിക്കും. അസാധാരണ സ്ഥലങ്ങളിലേക്ക് സൂര്യ കൈക്കുഴ ഉപയോഗിച്ച് പന്തടിക്കും. അദ്ദേഹത്തിന് സമകാലിക താരങ്ങള്‍ക്ക് ആവശ്യമായ കരുത്തും നല്ല ബാറ്റ് സ്‌പീഡുമുണ്ട്. എന്തെങ്കിലും പോരായ്‌മ കണ്ടെത്തുക സൂര്യകുമാറില്‍ പ്രയാസമാണ്. ലെഫ്റ്റ്-ആം സ്‌പിന്നര്‍മാര്‍ക്കെതിരായ പ്രകടനം മാത്രമാണ് അല്‍പം മോശമുള്ളത്' എന്നും നാസര്‍ ഹുസൈന്‍ ഡെയ്‌ലി മെയ്‌ലിലെ കോളത്തില്‍ കൂട്ടിച്ചേര്‍ത്തു. മറ്റന്നാള്‍ അഡ്‌ലെയ്‌ഡിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍. 

നിലവിലെ നമ്പര്‍ 1 ട്വന്‍റി 20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. 2021ല്‍ മാത്രം അരങ്ങേറ്റം കുറിച്ച താരമാണ് ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും മികച്ച പുരുഷ ടി20 ബാറ്ററായത്. ഒരു കലണ്ടര്‍ വര്‍ഷം 1000 ടി20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തി 2022ല്‍ സൂര്യ. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ താരം 225 റണ്‍സ് നേടിക്കഴിഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കഴിഞ്ഞ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ 25 പന്തില്‍ പുറത്താകാതെ 61* റണ്‍സ് നേടിയ സൂര്യ ഏറെ കയ്യടിവാങ്ങിയിരുന്നു. 

നവംബര്‍ പത്തിന് അഡ്‌ലെയ്‌ഡ് ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി. നാളെ നടക്കുന്ന ആദ്യ സെമിയില്‍ പാകിസ്ഥാനെ ന്യൂസിലന്‍ഡ് നേരിടും. സിഡ്‌നിയിലാണ് ഈ മത്സരം. 13-ാം തിയതി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ അയല്‍ക്കാരായ ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ സൂപ്പര്‍-12ല്‍ ഇരു കൂട്ടരും മുഖാമുഖം വന്നിരുന്നു. 

കേരളം ഫുട്ബോള്‍ പ്രേമികളുടെ നാട്; പുള്ളാവൂരിലെ കട്ടൗട്ടുകളെ പ്രശംസിച്ച ഫിഫയ്ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios