ജെ ജെ സ്‌മിത്, ജാന്‍ ഫ്രൈലിങ്ക് വെടിക്കെട്ട്; ലങ്കയ്‌ക്കെതിരെ നമീബിയക്ക് സുരക്ഷിത സ്കോര്‍

ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ തന്നെ ദുഷ്‌മന്ദ ചമീര ആഞ്ഞടിച്ചപ്പോള്‍ മൈക്കല്‍ വാന്‍ ലിങ്കനെ നമീബിയക്ക് നഷ്‌ടമായി

T20 World Cup 2022 NAM vs SL Namibia Sets 164 runs target to Sri Lanka on JJ Smit and Jan Frylinck fire batting

ഗീലോങ്: ട്വന്‍റി 20 ലോകകപ്പിന് ഓസ്ട്രേലിയയില്‍ ആവേശത്തുടക്കം. ഗ്രൂപ്പ് എയിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 163 റണ്‍സെടുത്തു. ജാന്‍ ഫ്രൈലിങ്ക് 28 പന്തില്‍ 44 ഉം ജെജെ സ്‌മിത് 16 പന്തില്‍ പുറത്താകാതെ 31 ഉം റണ്‍സെടുത്തതാണ് നമീബിയയെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച നിലയിലെത്തിച്ചത്. 15 ഓവറില്‍ 95/6 എന്ന സ്കോറില്‍ തകര്‍ച്ച നേരിടുകയായിരുന്നു നമീബിയക്കായി ഇരുവരും 70 റണ്‍സിന്‍റെ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ സൃഷ്‌ടിച്ചു. ലങ്കയ്‌ക്കായി പ്രമോദ് മദുഷന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ തന്നെ ദുഷ്‌മന്ദ ചമീര ആഞ്ഞടിച്ചപ്പോള്‍ മൈക്കല്‍ വാന്‍ ലിങ്കനെ നമീബിയക്ക് നഷ്‌ടമായി. 6 പന്തില്‍ 3 റണ്‍സ് മാത്രമെടുത്ത താരത്തെ പ്രമോദ് മദുഷന്‍ പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഡീവാന്‍ ല കോക്കിനെ പ്രമോദ് മദുഷന്‍ പറഞ്ഞയച്ചു. 9 പന്തില്‍ 9 റണ്‍സാണ് താരം നേടിയത്. ടീമിനെ കരകയറ്റാന്‍ ശ്രമിച്ച വണ്‍ഡൗണ്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റീ ഈറ്റണെ ചാമിക കരുണരത്നെയുടെ പന്തില്‍ 5-ാം ഓവറില്‍ വിക്കറ്റിന് പിന്നില്‍ കുശാല്‍ മെന്‍ഡിസ് പറക്കും ക്യാച്ചില്‍ പിടികൂടിയത് നമീബിയക്ക് തിരിച്ചടിയായി. 12 പന്തില്‍ 20 റണ്‍സാണ് ലോഫ്റ്റീ നേടിയത്. 

നാലാം വിക്കറ്റില്‍ കൂട്ടുകെട്ടിന് നായകന്‍ ഗെര്‍ഹാര്‍ഡ് എരാസ്‌മസ്-സ്റ്റീഫന്‍ ബാര്‍ഡ് സഖ്യം ശ്രമിച്ചെങ്കിലും വനിന്ദു ഹസരങ്ക ട്വിസ്റ്റൊരുക്കി. 12-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹസരങ്കയെ സിക്‌സറിന് ശ്രമിച്ച എരാസ്‌മസ്(24 പന്തില്‍ 20) ബൗണ്ടറിയില്‍ ഗുണതിലകെയുടെ കയ്യില്‍ കുടുങ്ങി. സ്റ്റീഫന്‍ ബാര്‍ഡിന്‍റെ പോരാട്ടവും വൈകാതെ അവസാനിച്ചു. 24 പന്തില്‍ 26 റണ്ണെടുത്ത താരത്തെ മദുഷന്‍ വീഴ്‌ത്തി. പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് വീസ് ഗോള്‍ഡന്‍ ഡക്കായി മഹീഷ് തീക്ഷനയുടെ പന്തില്‍ മടങ്ങി. ഏഴാം വിക്കറ്റിന് ജാന്‍ ഫ്രൈലിങ്കും ജെജെ സ്‌മിത്തും നടത്തിയ വെടിക്കെട്ട് രക്ഷാപ്രവര്‍ത്തനം നമീബിയയെ സുരക്ഷിത സ്കോറിലെത്തിച്ചു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ജാന്‍ റണ്ണൗട്ടായി. 

ഷഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടണം, ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ഗംഭീര്‍; വെല്ലുവിളി മറ്റ് രണ്ടുപേരെന്ന് പത്താന്‍


 

Latest Videos
Follow Us:
Download App:
  • android
  • ios