ട്വന്‍റി 20 ലോകകപ്പ്: നെതർലന്‍ഡ്സിനെതിരെ വെടിക്കെട്ടിന് ടീം ഇന്ത്യ; സിഡ്നിയില്‍ മഴ ആശങ്കകള്‍
സിഡ്നിയില്‍ ഇന്ത്യ-നെതർലന്‍ഡ്സ് മത്സരസമയത്ത് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരം ഉപക്ഷിക്കാനുള്ള സാധ്യതകളൊന്നുമില്ല
സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ രണ്ടാം സൂപ്പർ-12 മത്സരത്തിന് ഇന്നിറങ്ങും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നെതർലന്‍ഡ്സാണ് എതിരാളികള്‍. തുടർച്ചയായ രണ്ടാം ജയമാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ ഇന്ത്യ നാല് വിക്കറ്റിന് തകർത്തിരുന്നു. സിഡ്നിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് നേരിടും. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് കളി.
സിഡ്നിയില്‍ ഇന്ത്യ-നെതർലന്‍ഡ്സ് മത്സരസമയത്ത് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരം ഉപക്ഷിക്കാനുള്ള സാധ്യതകളൊന്നുമില്ല എന്നാണ് റിപ്പോർട്ട്. മഴ മത്സരത്തിനിടെ പെയ്തിറങ്ങാന്‍ 40 ശതമാനം വരെ സാധ്യതകള്‍ കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ മികച്ച ഡ്രെയിനേജ് സൗകര്യങ്ങള്‍ സിഡ്നി മൈതാനത്തുള്ളത് മത്സരം നടക്കാനുള്ള സാധ്യത കൂട്ടുന്നു. ഇന്നലെ മെല്‍ബണിലെ ഒരു മത്സരത്തെ മഴ ഭാഗികമായി ബാധിക്കുകയും രണ്ടാം മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
സിഡ്നിയില്‍ ഇന്ത്യക്ക് ടോസ് ഏറെ നിർണായകമാകും. ടോസ് നേടുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. മുന്‍കണക്കുകള്‍ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമാണ്. ആദ്യം ബാറ്റ് ചെയ്തവർ ഏഴ് തവണ ജയിച്ചപ്പോള്‍ രണ്ടാമത് ക്രീസിലെത്തിയവരുടെ വിജയം അഞ്ചിലൊതുങ്ങി. ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്കോർ 163 എങ്കില്‍ രണ്ടാം ഇന്നിംഗ്സിലത് 138 മാത്രമാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് നേടിയ 221 റണ്‍സാണ് ഇവിടുത്തെ ഉയർന്ന സ്കോർ. ഇക്കുറി ലോകകപ്പില്‍ ഓസീസിനെതിരെ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സടിച്ചിരുന്നു സിഡ്നിയില്‍. വിക്കറ്റ് സ്ലോയാവും എന്നതിനാല്‍ രണ്ടാമത്തെ ടീമിന് ബാറ്റിംഗ് ദുഷ്കരമാകും. ഡ്യൂവും ടേണും സ്പിന്നർമാരെ തുണയ്ക്കും.
നെതർലന്‍ഡ്സിനെതിരെ രോഹിത് ശർമ്മ ടോസ് ജയിക്കണം, ഇല്ലേല്‍ പണി പാളും!