ഇന്ത്യ-സിംബാബ്‌‌വെ പോരാട്ടം; മെല്‍ബണ്‍ പിച്ചില്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം, ട്വിസ്റ്റുണ്ടാകുമോ?

ബാറ്റര്‍മാര്‍ക്കും പേസര്‍മാര്‍ക്കും അനുയോജ്യമായ പിച്ചാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേത്

T20 World Cup 2022 IND vs ZIM Melbourne Pitch Report

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി പ്രതീക്ഷ ഞായറാഴ്‌ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സിംബാബ്‌വെക്കെതിരെ നടക്കുന്ന മത്സരത്തിലാണ്. അതിനിര്‍ണായകമായ മത്സരമായതിനാല്‍ ഫോമിലുള്ള താരങ്ങളെയെല്ലാം അണിനിരത്തി ശക്തമായ പ്ലേയിംഗ് ഇലവനേയാവും ഇന്ത്യ ഇറക്കുക. എംസിജിയിലെ പിച്ച് മുതലാക്കാന്‍ അധിക പേസറെ ഉള്‍പ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്തായിരിക്കും മത്സരത്തില്‍ മെല്‍ബണ്‍ പിച്ചിന്‍റെ സ്വഭാവം എന്ന് പരിശോധിക്കാം. 

ബാറ്റര്‍മാര്‍ക്കും പേസര്‍മാര്‍ക്കും അനുയോജ്യമായ പിച്ചാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേത്. സ്‌പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. വളരെ വിശാലമായ ബൗണ്ടറിയും മെല്‍ബണിന്‍റെ പ്രത്യേകതയാണ്. ഇന്ത്യന്‍ പേസര്‍മാരില്‍ അര്‍ഷ്‌ദീപ് സിംഗിന്‍റെ ബൗളിംഗ് മെല്‍ബണില്‍ ഏറെ നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്. പേസര്‍മാര്‍ക്ക് നല്ല ബൗണ്‍സ് പിച്ചില്‍ നിന്ന് ലഭിക്കുന്നതാണ് മുന്‍ ചരിത്രം. പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ ഇന്ത്യ മത്സരത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ പുറത്തിരുന്നേക്കും. 

മുന്‍ മത്സരങ്ങളിലെ ചരിത്രം

മെല്‍ബണില്‍ ഇതുവരെ 20 രാജ്യാന്തര ടി20 മത്സരങ്ങളാണ് നടന്നിട്ടുള്ളത്. അതില്‍ ആദ്യം ബൗള്‍ ചെയ്‌തവര്‍ 11 തവണ വിജയിച്ചു എന്നതാണ് ചരിത്രം. ആദ്യ ഇന്നിംഗ്‌സില്‍ 141 ഉം രണ്ടാമത് 128 ഉം ആണ് ശരാശരി ബാറ്റിംഗ് സ്കോര്‍. 184-4 ആണ് ഇവിടുത്തെ ഉയര്‍ന്ന സ്കോര്‍ എങ്കില്‍ കുറഞ്ഞ ടോട്ടല്‍ 74-10. മത്സരത്തില്‍ ജയിച്ചാലും കളി മഴമൂലം ഉപേക്ഷിച്ചാലും ഇന്ത്യ സെമിയിലെത്തും. എന്നാല്‍ അട്ടിമറി തോല്‍വി വഴങ്ങിയാല്‍ മറ്റ് ടീമുകളുടെ ഫലം അനുസരിച്ച് മാത്രമേ ഇന്ത്യക്ക് സെമിയിലെത്താനാകൂ. ഞായറാഴ്‌ച ജയിച്ചാല്‍ ടീം ഇന്ത്യയായിരിക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍.  

മഴ കളിക്കുമോ ഇന്ത്യ-സിംബാബ്‌വെ പോരാട്ടത്തില്‍; കാലാവസ്ഥാ പ്രവചനം ഇങ്ങനെ 

Latest Videos
Follow Us:
Download App:
  • android
  • ios