ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നാളെ മൂന്നാം അങ്കം, എതിരാളികള്‍ ദക്ഷിണാഫ്രിക്ക; ജയിച്ചാല്‍ സെമി ഏതാണ്ടുറപ്പ്

സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ രണ്ടാം കളിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 56 റണ്‍സിന്‍റെ ആധികാരിക ജയം നേടിയിരുന്നു

T20 World Cup 2022 IND vs SA Team India eyes third consecutive win as facing South Africa at Perth Stadium

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിൽ ടീം ഇന്ത്യക്ക് നാളെ മൂന്നാം മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇന്ത്യന്‍സമയം വൈകിട്ട് നാലരയ്ക്ക് പെർത്തിലാണ് മത്സരം. പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ തോൽപിച്ചാൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും സെമിഫൈനൽ ഏറെക്കുറെ ഉറപ്പാക്കാം. രണ്ട് കളിയിൽ നാല് പോയിന്‍റുള്ള ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശും സിംബാബ്‍‍വേയുമാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ ഇനിയുള്ള മറ്റ് എതിരാളികൾ.

സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ രണ്ടാം കളിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 56 റണ്‍സിന്‍റെ ആധികാരിക ജയം നേടിയിരുന്നു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ നേടി. മൂന്നാമനായി ക്രീസിലെത്തി  53 പന്തില്‍ 82* റണ്‍സെടുത്ത വിരാട് കോലിയുടെ മികവിലായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യന്‍ ജയം. മൂന്ന് വിക്കറ്റും 37 പന്തില്‍ 40 റണ്‍സുമായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി. പേസ‍ര്‍ അര്‍ഷ്‌ദീപ് സിംഗും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

നെതര്‍ലന്‍ഡ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 179 റണ്‍സ് നേടി. രോഹിത് ശര്‍മ്മ(39 പന്തില്‍ 53), വിരാട് കോലി(44 പന്തില്‍ 62*), സൂര്യകുമാര്‍ യാദവ്(25 പന്തില്‍ 51*) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സ് 20 ഓവറില്‍ 123-9 എന്ന സ്കോറില്‍ അവസാനിച്ചു. ഭുവനേശ്വര്‍ കുമാറും അര്‍ഷ്‌ദീപ് സിംഗും അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനും രണ്ട് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. 

സാധ്യതാ ഇലവനുകള്‍

ഇന്ത്യ- രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍. 

ദക്ഷിണാഫ്രിക്ക- തെംബാ ബാവുമ(ക്യാപ്റ്റന്‍), ക്വിന്‍ണ്‍ ഡികോക്ക് റൈലി റൂസ്സോ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഏയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വെയ്‌ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്‍‌റിച്ച് നോര്‍ക്യ, ലുങ്കി എന്‍ഗിഡി. 

ഇന്നേലും മഴമാറി കളി കാണാന്‍ ആരാധകര്‍; ട്വന്‍റി 20 ലോകകപ്പില്‍ ന്യൂസിലൻഡും ശ്രീലങ്കയും നേര്‍ക്കുനേര്‍


 

Latest Videos
Follow Us:
Download App:
  • android
  • ios