എന്‍ഗിഡിയുടെ നാല് വിക്കറ്റിന് മേല്‍ ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, മിന്നല്‍ ഫിഫ്റ്റി; പ്രോട്ടീസിന് ലക്ഷ്യം 134

ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് യാതൊരു കരുണയും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കാണിക്കാതിരുന്നതോടെ ഇന്ത്യ 15-ാം ഓവറില്‍ 100 കടന്നിരുന്നു

T20 World Cup 2022 IND vs SA Suryakumar Yadav fifty sets better total for India amid Lungi Ngidi four wicket haul

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ 4 വിക്കറ്റ് നേട്ടത്തിനിടയിലും ടീം ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി പെര്‍ത്തില്‍ സൂര്യകുമാര്‍ യാദവ് വെടിക്കെട്ട്. 40 പന്തില്‍ 68 റണ്‍സെടുത്ത സൂര്യ ഇന്ത്യയെ 20 ഓവറില്‍ 133-9 എന്ന സ്കോറിലെത്തിച്ചു. ഒരവസരത്തില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ ടീമിനെയാണ് സ്കൈ ഒറ്റയ്ക്ക് പടനയിച്ചത്. നാല് ഓവറില്‍ എന്‍ഗിഡി 29 റണ്‍സിന് നാല് പേരെ പുറത്താക്കുകയായിരുന്നു. മറ്റൊരു പേസര്‍ വെയ്‌ന്‍ പാര്‍നല്‍ വെറും 15 റണ്ണിന് മൂന്ന് വിക്കറ്റ് നേടിയതും പെര്‍ത്തില്‍ ശ്രദ്ധേയമായി. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മ്മയുടെ എല്ലാ സ്വപ്‌നങ്ങളും എറിഞ്ഞിട്ടാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. നിര്‍ണായക മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയെ ഇറക്കിയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം എല്ലാത്തരത്തിലും തുടക്കത്തില്‍ വിജയിക്കുന്നത് പെര്‍ത്തില്‍ കണ്ടു. വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറില്‍ ആറ് പന്തും കെ എല്‍ രാഹുല്‍ പാഴാക്കിയപ്പോള്‍ അഞ്ചാം ഓവറിലാണ് എന്‍ഗിഡി ആദ്യമായി പന്തെടുത്തത്. പിന്നീടങ്ങോട്ട് പ്രോട്ടീസ് പേസര്‍ പെര്‍ത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. 

പെര്‍ത്തില്‍ എന്‍ഗിഡി കൊടുങ്കാറ്റ് 

എന്‍ഗിഡിയുടെ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശ‍ര്‍മ്മയും(14 പന്തില്‍ 15), ആറാം പന്തില്‍ കെ എല്‍ രാഹുലും(14 പന്തില്‍ 9) പുറത്തായി. സമ്മര്‍ദമേറിയ രോഹിത്തിന്‍റെ സിക്‌സര്‍ ശ്രമം പാളിയപ്പോള്‍ രാഹുല്‍ സ്ലിപ്പില്‍ ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. ഏഴാം ഓവറില്‍ എന്‍ഗിഡി വീണ്ടും പന്തെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ വിരാട് കോലി(11 പന്തില്‍ 12) റബാഡയുടെ ക്യാച്ചില്‍ വീണു. തൊട്ടടുത്ത ഓവറില്‍ ആന്‍‌റിച് നോര്‍ക്യ, ദീപക് ഹൂഡയെ(3 പന്തില്‍ 0) പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ഡികോക്കിനായിരുന്നു ക്യാച്ച്. തന്‍റെ മൂന്നാം ഓവറില്‍, അതായത് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ എന്‍ഗിഡി ഹാര്‍ദിക് പാണ്ഡ്യയേയും(3 പന്തില്‍ 2) പറഞ്ഞയച്ചു. മത്സരത്തില്‍ റബാഡയുടെ രണ്ടാം ക്യാച്ചായി ഇത്. ഇതോടെ ഇന്ത്യ 8.3 ഓവറില്‍ 49-5. തന്‍റെ മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ എന്‍ഗിഡി 17 റണ്‍സിന് നാല് വിക്കറ്റ് പേരിലാക്കി. 

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍

ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് യാതൊരു കരുണയും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കാണിക്കാതിരുന്നതോടെ ഇന്ത്യ 15-ാം ഓവറില്‍ 100 കടന്നു. സ്കൈ 30 പന്തില്‍ 50 തികച്ചു. തൊട്ടുപിന്നാലെ 16-ാം ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ(15 പന്തില്‍ 6) പാര്‍നല്‍, റൂസ്സോയുടെ കൈകളിലാക്കി. 19-ാം ഓവറിലെ ആദ്യ പന്തില്‍ രവിചന്ദ്രന്‍ അശ്വിനെ(11 പന്തില്‍ 7) പാര്‍നല്‍, റബാഡയുടെ കൈകളിലേക്ക് സമ്മാനിച്ചു. ഈ ഓവറിലെ അഞ്ചാം പന്ത് വരെ നീണ്ടു സൂര്യകുമാറിന്‍റെ(40 പന്തില്‍ 68) മാസ് ഇന്നിംഗ്‌സ്. കേശവ് മഹാരാജിനായിരുന്നു ക്യാച്ച്. നോര്‍ക്യയുടെ അവസാന ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഷമി(2 പന്തില്‍ 0) റണ്ണൗട്ടായെങ്കിലും ഇന്ത്യ 133ലെത്തുകയായിരുന്നു. ഭുവിയും(6 പന്തില്‍ 4*), അര്‍ഷ്‌ദീപ് സിംഗും(1 പന്തില്‍ 2*) പുറത്താകാതെ നിന്നു. 

തകർച്ചയിലും പുതിയ റെക്കോർഡിട്ട് ക്യാപ്റ്റൻ ഹിറ്റ്മാൻ

Latest Videos
Follow Us:
Download App:
  • android
  • ios