മഴ മാറി മെല്‍ബണ്‍, ദീപാവലി ആഘോഷത്തിന് ടീം ഇന്ത്യ! പാകിസ്ഥാനെതിരെ രോഹിത്തിന് ടോസ്; പ്ലേയിംഗ് ഇലവനുകള്‍
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ടോസ് വീണു. പ്രതീക്ഷയോടെ രോഹിത് ശര്‍മ്മയും സംഘവും.
മെല്‍ബണ്‍: മഴ മാറി നില്‍ക്കുന്ന മെല്‍ബണിന്‍റെ ആകാശത്ത് പ്രതീക്ഷയുടെ ഇന്ത്യ-പാക് ക്രിക്കറ്റ് ആവേശം അല്‍പസമയത്തിനകം. ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും വാശിയേറിയ അയല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണ് പേസര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട് ടീമില്‍.
രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലുമാണ് ഇന്ത്യന്‍ ടീമിലെ സ്‌പിന്നര്‍മാര്‍. റിഷഭ് പന്തിനെ മറികടന്ന് ഡികെ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നീ കരുത്തുറ്റ ബാറ്റിംഗ് നിര പാകിസ്ഥാനെതിരെ ഇറങ്ങും. ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാണിത്. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയമാകും ടീം ഇന്ത്യക്ക് വെല്ലുവിളിയാവുക. ബാറ്റിംഗില്‍ നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും നല്‍കുന്ന തുടക്കം പാകിസ്ഥാന് നിര്‍ണായകമാകും. ഇരുവരേയും തുടക്കത്തിലെ പുറത്താക്കുകയാവും ഇന്ത്യന്‍ പേസര്‍മാരുടെ ആദ്യ ലക്ഷ്യം.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh
പാക് പ്ലേയിംഗ് ഇലവന്‍: Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah
ബലാബലം ആര്‍ക്ക്?
ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ആറ് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിലും വിജയം ടീം ഇന്ത്യക്കായിരുന്നെങ്കില്‍ അവസാനം മുഖാമുഖം വന്ന കഴിഞ്ഞ ലോകകപ്പിലെ മത്സരത്തില്‍ ജയം പാകിസ്ഥാനൊപ്പം നിന്നു. ദുബായില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പേസ് കരുത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍റെ ജയം. ബാറ്റിംഗില്‍ നായകന്‍ ബാബര്‍ അസമും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനും പാകിസ്ഥാന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. രാജ്യാന്തര ടി20യില്‍ അവസാനമായി ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴും വിജയം പാകിസ്ഥാന്‍റെ കൂടെയായി. സൂപ്പര്‍ ഫോറില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 5 വിക്കറ്റ് ജയമാണ് പാകിസ്ഥാന്‍ നേടിയത്.
ട്വന്‍റി 20 ലോകകപ്പ്: സാക്ഷാല്‍ ധോണിയുടെ റെക്കോര്‍ഡ് തകര്‍പ്പന്‍ ബാബര്‍ അസം