ട്വന്‍റി 20 ലോകകപ്പ്: സാക്ഷാല്‍ ധോണിയുടെ റെക്കോര്‍ഡ് തകര്‍പ്പന്‍ ബാബര്‍ അസം
ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള നായകന്‍ എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡാണ് ബാബര്‍ അസം ലക്ഷ്യമിടുന്നത്
മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍-12 പോരാട്ടത്തിന് ടോസ് വീഴാന്‍ കോടിക്കണക്കിന് ആരാധകര്‍ കാത്തിരിക്കുകയാണ്. ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായി അയല്‍ക്കാരുടെ പോരാട്ടം മാറുമെന്നിരിക്കേ ഒരു റെക്കോര്‍ഡിലേക്ക് അടുക്കാനാണ് പാക് നായകന്‍ ബാബര്‍ അസം തയ്യാറെടുക്കുന്നത്. ഈ ലോകകപ്പില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ഇതിഹാസം എ എസ് ധോണിയുടെ റെക്കോര്‍ഡ് ബാബര്‍ തകര്‍ക്കും. ഇന്ത്യക്കെതിരെ ലോകകപ്പില്‍ വിജയമുള്ള ഏക പാക് നായകനെന്ന റെക്കോര്‍ഡ് നിലവില്‍ ബാബറിന്‍റെ പേരിനൊപ്പമുണ്ട്.
ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള നായകന്‍ എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡാണ് ഇക്കുറി ബാബര്‍ അസം ലക്ഷ്യമിടുന്നത്. 2007ല്‍ ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച ധോണിക്ക് 33 മത്സരങ്ങളില്‍ 529 റണ്‍സാണുള്ളത്. ധോണിക്ക് 168 റണ്‍സ് മാത്രം പിന്നിലുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണാണ് രണ്ടാംസ്ഥാനത്ത്. ബാബറാവട്ടെ ഏഴാമതും. എന്നാല്‍ കഴിഞ്ഞ ഒരൊറ്റ ലോകകപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ മതി ധോണിയെ ബാബറിന് മറികടക്കാന്‍. യുഎഇ വേദിയായ കഴിഞ്ഞ വിശ്വ ടി20 മാമാങ്കത്തില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 60.60 ശരാശരിയില്‍ 303 റണ്‍സടിച്ച് കൂട്ടിയിരുന്നു പാക് നായകന്‍. ഇക്കുറി 227 റണ്‍സ് നേടിയാല്‍ ബാബര്‍ ധോണിയെ മറികടക്കും.
ഈ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടീം ഇന്ത്യയാണ് എതിരാളികള്‍. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം ആരംഭിക്കും. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ 10 വിക്കറ്റിന്‍റെ വിജയം പാകിസ്ഥാനൊപ്പമായിരുന്നു. ആദ്യമായായിരുന്നു ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന്‍ പുരുഷ ടീം ഇന്ത്യയെ ഒരു മത്സരത്തില്‍ തോല്‍പിച്ചത്. ബാബര്‍ അസമാണ് പാക് ടീമിനെ മത്സരത്തില്‍ നയിച്ചത്. ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ മറ്റ് അഞ്ച് മത്സരങ്ങളിലും ജയം നീലപ്പടയ്ക്കായിരുന്നു.
ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം: മെല്‍ബണില്‍ നിറഞ്ഞ് മഴമേഘങ്ങള്‍, പക്ഷേ ആശ്വാസവാര്‍ത്തയുണ്ട്