ഇന്ത്യയുടെ മത്സരം വെള്ളത്തിലാകുമോ? സിഡ്നിയിലെ ആദ്യ കളി മഴയില്‍ കുളിച്ചു
ആദ്യ മത്സരം മഴകാരണം റദ്ദാക്കിയതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമിപ്രതീക്ഷ നിലനിർത്താൻ
ഇന്ന് ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്
സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-നെതർലന്‍ഡ്സ് സൂപ്പർ-12 മത്സരത്തിന് മുമ്പ് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് മഴയുടെ കളി. ഇതേ വേദിയില്‍ രാവിലെ ഇന്ത്യന്‍സമയം എട്ടരയ്ക്ക് ആരംഭിച്ച ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം മഴകാരണം തടസപ്പെട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക 5.5 ഓവറില്‍ 62-1 എന്ന നിലയില്‍ നില്‍ക്കേയാണ് മഴയുടെ രംഗപ്രവേശനം. 14 പന്തില്‍ 23 റണ്‍സുമായി ക്വിന്‍റണ്‍ ഡികോക്കും 18 പന്തില്‍ 36 റണ്‍സോടെ റിലീ റൂസ്സോയുമാണ് ക്രീസില്‍. 6 പന്തില്‍ 2 റണ്‍സെടുത്ത പ്രോട്ടീസ് നായകന്‍ തെംബാ ബാവുമയെ ടസ്കിന്‍ അഹമ്മദ് പുറത്താക്കി. മഴ മാറി ഇപ്പോള്‍ മത്സരം പുനരാരംഭിച്ചിട്ടുണ്ട്.
ആദ്യ മത്സരം മഴകാരണം റദ്ദാക്കിയതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമിപ്രതീക്ഷ നിലനിർത്താൻ ഇന്ന് ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്. ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ചിരുന്നു.
സിഡ്നിയിൽ നെതർലൻഡ്സിനെതിരായ ഇന്ത്യയുടെ മത്സരം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് തുടങ്ങേണ്ടത്. സൂപ്പർ-12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകർത്ത ആവേശത്തിലാണ് ടീം ഇന്ത്യ. പലമത്സരങ്ങളും മഴ തടസ്സപ്പെടുത്തുന്നതിനാൽ നെതർലൻഡ്സ് അടക്കമുള്ള ചെറുമീനുകൾക്കെതിരായ ജയം ഇന്ത്യയുടെ സെമിപ്രതീക്ഷയ്ക്ക് അനിവാര്യമാണ്. പാകിസ്ഥാനെതിരെ വിരാട് കോലിയുടെ ഒറ്റയാൾ പ്രകടനം മെൽബണിൽ കരുത്തായെങ്കിൽ ടോപ് ഓർഡറിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് സിഡ്നിയിൽ രോഹിത്തും സംഘവും ഇറങ്ങുന്നത്. ന്യൂസിലൻഡ് 200 റൺസ് സ്കോർ ചെയ്ത വിക്കറ്റാണ് സിഡ്നിയിലേത്. പാകിസ്ഥാനെതിരെ കളിച്ച ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അവസാന നിമിഷം വരെ പൊരുതിയാണ് നെതർലൻഡ്സ് തോറ്റത്.
ഇന്ത്യ-നെതർലന്‍ഡ്സ് മത്സരത്തിന് മഴ ഭീഷണിയുള്ളതായി നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മികച്ച ഡ്രെയിനേജ് സൗകര്യങ്ങള്‍ സിഡ്നി ഗ്രൗണ്ടിലുള്ളത് പ്രതീക്ഷയാണ്.