ചാഹല്‍ ഇറങ്ങുമോ? നെതർലന്‍ഡ്സിനെതിരെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ പ്രവചിച്ച് അനില്‍ കുംബ്ലെ
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ക്കൊന്നും സാധ്യത മുന്‍ പരിശീലകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ കാണുന്നില്ല
സിഡ്നി: ട്വന്‍റി 20 ലോകകപ്പില്‍ നെതർലന്‍ഡ്സിനെതിരെ ടീം ഇന്ത്യ ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങുകയാണ്. സൂപ്പർ-12 ഘട്ടത്തില്‍ തുടർച്ചയായ രണ്ടാം ജയമാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. സിഡ്നിയിലാണ് മത്സരം എന്നതിനാല്‍ ഇന്ത്യ സ്പിന്നർ യുസ്‍വേന്ദ്ര ചാഹലിന് അവസരം നല്‍കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ക്കൊന്നും സാധ്യത മുന്‍ പരിശീലകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ കാണുന്നില്ല.
മെല്‍ബണില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആർ അശ്വിനും അക്സർ പട്ടേലും വിക്കറ്റൊന്നും നേടിയിരുന്നില്ല. എങ്കിലും കുംബ്ലെ പറയുന്നത് കേള്‍ക്കുക. 'സിഡ്നിയില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അശ്വിനെയും അക്സറിനെയും ഒഴിവാക്കുന്നത് നീതിയാണെന്ന് തോന്നുന്നില്ല. മാറ്റമുണ്ടെങ്കില്‍ തന്നെ ഇവരിലൊരാളെ മാറ്റി ചാഹലിന് അവസരം നല്‍കലാവും. എന്നാല്‍ പരിക്കിന്‍റെ പ്രഹരമൊന്നും വന്നില്ലെങ്കില്‍ അത്തരമൊരു മാറ്റവും ഇലവനില്‍ നെതർലന്‍ഡ്സിനെതിരെ പ്രതീക്ഷിക്കുന്നില്ല. ഡെത്ത് ഓവറില്‍ അർഷ്ദീപ് സിംഗിന് രണ്ട് ഓവർ നല്‍കണമെന്ന് ഇന്ത്യ-പാക് മത്സരത്തിലും ഞാന്‍ വാദിച്ചിരുന്നു. ഷമിയോ ഭുവിയോ ഓരോ ഓവർ വീതം എറിയാം. അങ്ങനെയായിരിക്കണം അവസാന നാല് ഓവർ' എന്നും കുംബ്ലെ കൂട്ടിച്ചേർത്തു.
ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താനിടയില്ല. പാകിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ടീമിനെ നിലനിർത്താനാണ് സാധ്യതകള്‍. ബാറ്റിംഗ് കൂടി പരിഗണിച്ച് ആര്‍ അശ്വിന്‍ തുടരാനാണ് സാധ്യത എന്നാണ് ബൗളിംഗ് പരിശീലകന്‍ പരാസ് മാംബ്രെ നല്‍കുന്ന സൂചന. അശ്വിന്‍റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിംഗിനെ കൂടുതല്‍ സന്തുലിതമാക്കും എന്നതൊരു വസ്‌തുതയാണ്. പാകിസ്ഥാനെതിരെ വിരാട് കോലി ഇന്ത്യക്ക് 4 വിക്കറ്റ് ജയം സമ്മാനിച്ചെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് രോഹിത് ശർമ്മയ്ക്കും കെ എല്‍ രാഹുലിനും സൂര്യകുമാർ യാദവിനും നിർണായകമാണ്. സിഡ്നിയില്‍ മഴ ഭീഷണികള്‍ക്കിടെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം തുടങ്ങേണ്ടത്.