സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ? സാധ്യതകള്‍

ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിന്‍റെ സ്ഥിരത നാളുകളായി വലിയ ചര്‍ച്ചാവിഷയമാണ്

T20 World Cup 2022 IND vs ENG Semi Rishabh Pant or Dinesh Karthik against England

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ സെമി ഫൈനല്‍ കളിക്കാനായി തയ്യാറെടുക്കുകയാണ്. കരുത്തരായ ഇംഗ്ലണ്ടിനെതിരായ പോരാട്ടം കടുപ്പമേറും എന്നുറപ്പ്. ജീവന്‍മരണ പോരാട്ടമായതിനാല്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ആകാംക്ഷ മുറുകുകയാണ്. അവസാന സൂപ്പര്‍-12 മത്സരത്തിലെ പോലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തുടരുമോ, അതോ ദിനേശ് കാര്‍ത്തിക് മടങ്ങിയെത്തുമോ?

ഈ ലോകകപ്പില്‍ ഇതുവരെ ദിനേശ് കാര്‍ത്തിക് ഫോമിലായിട്ടില്ല. പാകിസ്ഥാനെതിരെ മെല്‍ബണില്‍ 1, ദക്ഷിണാഫ്രിക്കയ്ക്കെതിരെ പെര്‍ത്തില്‍ 6, ബംഗ്ലാദേശിനെതിരെ അഡ്‌ലെയ്‌ഡില്‍ 7 എന്നിങ്ങനെയായിരുന്നു ഡികെയുടെ സ്കോര്‍. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്‍ഡോറില്‍ 21 പന്തില്‍ 46 നേടിയ ശേഷം ഡികെയുടെ ബാറ്റ് തിളങ്ങിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു അതിന് മുമ്പ് നാല്‍പതിലധികം റണ്‍സ് സ്കോര്‍ ചെയ്‌തത്. അവസാന ഓവറുകളില്‍ ഫിനിഷറുടെ ജോലിയായതിനാല്‍ പന്ത് ഹിറ്റ് ചെയ്യുകയല്ലാതെ മാര്‍ഗമില്ല എന്നതും താരം ഔട്ടാകാന്‍ സാധ്യത കൂട്ടുന്നു. 

ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിന്‍റെ സ്ഥിരത നാളുകളായി വലിയ ചര്‍ച്ചാവിഷയമാണ്. അവസാന സൂപ്പര്‍-12 മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ റിഷഭ് 5 പന്തില്‍ 3 റണ്‍സുമായി പുറത്തായി. എന്നാല്‍ സെമിയില്‍ അഡ്‌ലെയ്‌ഡ് ഓവലില്‍ റിഷഭ് പന്തിനെ കളിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതമാവുക എന്നാണ് വിലയിരുത്തല്‍. ഏത് പൊസിഷനിലും ഉപയോഗിക്കാം എന്ന പ്രത്യേകത പന്തിനുണ്ട്. ആദില്‍ റഷീദിനെ പോലുള്ള സ്‌പിന്നര്‍മാരെ നന്നായി കളിക്കാനുമായേക്കും. സിംബാബ്‌വെക്കെതിരെ ഇടംകൈയന്‍ സ്പിന്നര്‍ ഷോണ്‍ വില്യംസിനെ ആക്രമിക്കാന്‍ ഉന്നമിട്ടാണ് പന്തിനെ ഇറക്കിയത്. എന്നാല്‍ താരം അതിവേഗം മടങ്ങി. റിഷഭ് കുഞ്ഞന്‍ സ്കോറില്‍ പുറത്തായത് തന്നെ ആശങ്കപ്പെടുത്തുന്നില്ല എന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍ താരത്തിന് ശുഭസൂചനയാണ്. ഒരു മത്സരത്തിന്‍റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്താനാവില്ലെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. 

'അവരെ പേടിക്കണം, രോഹിത്തിനെ കുറച്ച് കാണില്ല'; ഇന്ത്യന്‍ താരങ്ങളെ പ്രകീര്‍ത്തിച്ച് ബെന്‍ സ്‌റ്റോക്‌സ്

Latest Videos
Follow Us:
Download App:
  • android
  • ios