സൂര്യകുമാര്‍ യാദവിനെ എങ്ങനെയും പുറത്താക്കണം; വട്ടമേശ സമ്മേളനം വിളിച്ച് ഇംഗ്ലണ്ട് ടീം- റിപ്പോര്‍ട്ട്

ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങള്‍ ആലോചിക്കാന്‍ ഇംഗ്ലണ്ട് ടീം പ്രത്യേക യോഗം ചേര്‍ന്നതായാണ് ഇംഗ്ലീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ്‌ സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്

T20 World Cup 2022 IND vs ENG Semi final These are the England plans to stop SuryaKumar Yadav

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആയുധം മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. 2021ല്‍ രാജ്യാന്തര ടി20 അരങ്ങേറ്റം കുറിച്ച താരം സ്വപ്‌ന ഫോമില്‍ ഓസ്ട്രേലിയയിലും ബാറ്റിംഗ് തുടരുകയാണ്. ലോകകപ്പിലെ സെമിയില്‍ ഇംഗ്ലണ്ട് നാളെ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ജോസ് ബട്‌ലറിനും സംഘത്തിനും ഏറ്റവും വലിയ വെല്ലുവിളിയും സ്കൈ തന്നെ. സൂര്യയെ പിടിച്ചുകെട്ടാന്‍ ഏതറ്റം വരെയും ശ്രമിക്കുമെന്നാണ് സെമിക്ക് മുന്നോടിയായി ബട്‌ലറുടെ വാക്കുകള്‍. 

ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങള്‍ ആലോചിക്കാന്‍ ഇംഗ്ലണ്ട് ടീം പ്രത്യേക യോഗം ചേര്‍ന്നതായാണ് ഇംഗ്ലീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ്‌ സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. യോഗത്തില്‍ ജോസ് ബട്‌ലര്‍ക്കും ബെന്‍ സ്റ്റോക്‌സിനും പുറമെ പരിശീലകന്‍ മാത്യൂ മോട്ട് അടക്കമുളള കോച്ചിംഗ് സ്റ്റാഫും പങ്കെടുത്തു. 'ഞങ്ങള്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദേഹം വിസ്‌മയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ സൂര്യയെ നേരിടാന്‍ ഞങ്ങള്‍ക്ക് പദ്ധതികളുണ്ട്. അത് വിജയിക്കും എന്നാണ് പ്രതീക്ഷ. സൂര്യകുമാറിന്‍റെ ബാറ്റിംഗ് കാണാന്‍ ആനന്ദകരമാണ്. ഒട്ടേറെ ഷോട്ടുകള്‍ ആവനാഴിയിലുള്ള താരമാണ്. എന്നാല്‍ അദേഹത്തെ വീഴ്‌ത്താന്‍ ഒരു പന്ത് വേണം. അതിനായി ഏത് വിധേനയും ശ്രമം നടത്തും' എന്നും ജോസ് ബട്‌ലര്‍ വ്യക്തമാക്കി.  

ഷോട്ടുകളുടെ വൈവിധ്യവും നിര്‍ഭയമായ ബാറ്റിംഗും കൊണ്ട് ഇതിനകം മിസ്റ്റര്‍ 360 എന്ന വിശേഷണം നേടിക്കഴിഞ്ഞു സൂര്യകുമാര്‍ യാദവ്. നിലവില്‍ ടി20യിലെ ഏറ്റവും മികച്ച പുരുഷ ബാറ്ററാണ്. രാജ്യാന്തര ടി20യില്‍ 37 ഇന്നിംഗ്‌സുകളില്‍ ഒരു സെഞ്ചുറി ഉള്‍പ്പടെ 1270 റണ്‍സ് സമ്പാദ്യം. 42.33 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ 179.63 ആണ് സ്ട്രൈക്ക് റേറ്റ് എന്നതാണ് എതിരാളികളുടെ ചങ്കില്‍ ഭയം കോരിയിടുന്നത്. അടുത്തിടെ സൂര്യകുമാര്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 രാജ്യാന്തര ടി20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തിയിരുന്നു. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ താരം 225 റണ്‍സ് നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ 108 ഇന്നിംഗ്‌സുകളില്‍ 2644 റണ്‍സും സൂര്യക്കുണ്ട്. 

ഒരു ഇന്ത്യന്‍ താരത്തെ ഭയക്കണം; സെമിക്ക് മുമ്പ് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

Latest Videos
Follow Us:
Download App:
  • android
  • ios