ഷഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടണം, ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ഗംഭീര്‍; വെല്ലുവിളി മറ്റ് രണ്ടുപേരെന്ന് പത്താന്‍
ടി20 ലോകകപ്പില്‍ പാകിസ്ഥാൻ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്കെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണമെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍
ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ വജ്രായുധമാണ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. യുഎഇ വേദിയായ കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ ഇന്ത്യന്‍ ടോപ് ത്രീയെ പുറത്താക്കിയത് ഷഹീനായിരുന്നു. ഇന്ത്യന്‍ വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഷഹീന്‍ ഷായുടെ പന്തുകള്‍ തീതുപ്പുമെന്ന് കാലം തെളിയിച്ചതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഭയമൊന്നുമില്ലാതെ, ഷഹീനെ ആക്രമിച്ച് കളിച്ചാല്‍ മതിയെന്നാണ് ഐതിഹാസിക പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നല്‍കുന്ന ഉപദേശം.
ടി20 ലോകകപ്പില്‍ പാകിസ്ഥാൻ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്കെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണമെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കി. എങ്ങനെയെങ്കിലും ഷഹീന്‍റെ ഓവര്‍ അതിജീവിക്കുക എന്നതാവരുത് ലക്ഷ്യമെന്നും ഗംഭീര്‍ മുന്നറിയിപ്പ് നൽകി. ബാക്ക്‌ലിഫ്റ്റിന്‍റെ കാര്യത്തിലായാലും ഫൂട്ട് വര്‍ക്കിലായാലും അതിജീവിക്കുക എന്ന ലക്ഷ്യവുമായി ബാറ്റ് ചെയ്യരുത്. ട്വന്‍റി20 ക്രിക്കറ്റില്‍ ഇങ്ങനെ കളിക്കാനാവില്ല. ന്യൂബോളില്‍ ഷഹീന്‍ ആക്രമണകാരിയാണ്. എങ്കിലും ഷഹീന് എതിരെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാൻ ശ്രമിക്കണം. ഷോട്ടുകൾ കരുതലോടെ ആയിരിക്കണമെന്നും ഗംഭീർ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാൻ തോൽപിച്ചത് ഷഹീന്‍ അഫ്രീദിയുടെ ബൗളിംഗ് കരുത്തിലായിരുന്നു. മൂന്ന് വിക്കറ്റുമായി മത്സരത്തിലെ താരമായി ഷഹീന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേസമയം പാക് ഓപ്പണര്‍മാരായ ബാബർ അസവും മുഹമ്മദ് റിസ്‌വാനും ആയിരിക്കും ലോകകപ്പില്‍ ഇന്ത്യക്ക് വെല്ലുവിളി ആവുകയെന്നാണ് മുൻതാരം ഇർഫാൻ പത്താൻ പറയുന്നത്. ഇവർക്കെതിരെ വ്യക്തമായ പദ്ധതികളോടെ തയ്യാറെടുക്കണമെന്നും ഇർഫാൻ നിർദേശിച്ചു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.
പാകിസ്ഥാനെതിരായ ഇലവന്‍ തയ്യാര്‍; ടി20 ലോകകപ്പില്‍ ഒരുമുഴം മുന്നേ എറിഞ്ഞ് രോഹിത് ശര്‍മ്മ