കോലിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്ന് സച്ചിന്‍; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം
നിങ്ങളുടെ കളി കാണുന്നത് തന്നെ ഒരു ട്രീറ്റായിരുന്നു. പ്രത്യേകിച്ച് പത്തൊമ്പതാം ഓവറില്‍ ബാക് ഫൂട്ടില്‍ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്സര്‍, അസാമാന്യമായിരുന്നു അത്. മികച്ച പ്രകടനം തുടരൂ എന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയെ അവിശ്വസനീ ജയത്തിലേക്ക് നയി്ചതിന് പിന്നാലെ വിരാട് കോലിയെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ലോകം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോലിയെക്കുറിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചത്. നിങ്ങളുടെ കളി കാണാന്‍ തന്നെ എന്തൊരഴകായിരുന്നു. പ്രത്യേകിച്ച് പത്തൊമ്പതാം ഓവറില്‍ ബാക് ഫൂട്ടില്‍ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്സര്‍, അസാമാന്യമായിരുന്നു അത്. മികച്ച പ്രകടനം തുടരൂ എന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിംഗ്സ് എന്നായിരുന്നു വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്.
തലമുറകള്‍ക്ക് ഓര്‍ത്തിരിക്കാവുന്ന ഇന്നിംഗ്സ് എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍ കോലിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
എവിടെയാമോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോലി തല ഉയര്‍ത്തി നില്‍ക്കുമെന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.
കിംഗ് കോലി തിരിച്ചെത്തിയിരിക്കുന്നു എന്നായിരുന്നു യുവരാജ് സിംഗിന്‍റെ ട്വീറ്റ്.
ടി20 ലോകകപ്പില്‍ മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരെ കോലി കളിച്ച ഇന്നിംഗ്സായിരുന്നു ഇതുവരെ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സ്, പക്ഷെ ഇന്ന് പാക്കിസ്ഥാനെതിരെ കളിച്ചത് അതിനു മുകളിലാണ് സ്ഥാനം. കാരണം 31-4 എന്ന സ്കോറില്‍ നിന്നാണ് കോലി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ക്ലാസ് സ്ഥിരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച പ്രകടനമെന്നായിരുന്നു വിവിഎസ് ലക്ഷ്മണിന്‍റെ പ്രതികരണം.
കനൽ കെടാതെ 364 ദിവസങ്ങൾ; കിംഗ് കോലിയുടെ കരുത്തിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മധുരപ്രതികാരം
അവസാന മൂന്നോവര്‍ വരെ പാക്കിസ്ഥാന്‍ ഉറപ്പിച്ച വിജയം ഒറ്റക്ക് കോലി തട്ടിയെടുക്കുകയായിരുന്നു. അവസാന മൂന്നോവറില്‍ 48ഉം രണ്ടോവറില്‍ 31 ഉം റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ താളം കണ്ടെത്താന്‍ പാടുപെട്ടതോടെ റണ്‍സടിക്കേണ്ട ചുമതല മുഴുവന്‍ കോലിയുടെ ചുമലിലായി. അവസാന പന്തില്‍ അശ്വിന്‍ വിജയ റണ്‍സ് കുറിക്കുമ്പോള്‍ 53 പന്തില്‍ 82 റണ്‍സുമായി കോലി മറുവശത്തുണ്ടായിരുന്നു.