കെ എല്‍ രാഹുല്‍ എയറില്‍ നിന്നിറങ്ങാന്‍ ഒരു സാധ്യതയും കാണുന്നില്ല; ആരാധകര്‍ കലിപ്പില്‍ തന്നെ
കെ എല്‍ രാഹുലിന് ശക്തമായ പിന്തുണയാണ് ടീം നല്‍കുന്നത്. രാഹുല്‍ ടീമിലെ പ്രധാന താരമാണെന്നും ഓപ്പണറെ
കൈവിടില്ലെന്നുമാണ് ടീം മാനേജ്മെന്‍റ് പറയുന്നത്.
പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിൽ തുടർച്ചയായി പരാജയപ്പെടുന്ന ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുലിനെതിരെ വിമർശനം ശക്തമാവുന്നു. ലോകകപ്പിലെ മൂന്ന് ഇന്നിംഗ്‌സുകളിലും രണ്ടക്കം കാണാന്‍ രാഹുലിനായിരുന്നില്ല. രാഹുൽ 14 പന്തിൽ 9 റൺസെടുത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഇന്നിംഗ്സിൽ പുറത്തായപ്പോള്‍ നെതർലൻഡ്‌സിനെതിരെ ഒൻപത് റൺസും പാകിസ്ഥാനെതിരെ നാല് റൺസും മാത്രമാണ് നേടിയത്. മുൻനിരയിൽ ബാധ്യതയായി മാറുന്ന രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ കളിപ്പിക്കണം എന്നാണ് ശക്തമായ വാദം.
ഇതേസമയം കെ എല്‍ രാഹുലിന് ശക്തമായ പിന്തുണയാണ് ടീം നല്‍കുന്നത്. രാഹുല്‍ ടീമിലെ പ്രധാന താരമാണെന്നും ഓപ്പണറെ കൈവിടില്ലെന്നുമാണ് ടീം മാനേജ്മെന്‍റ് പറയുന്നത്. കെ എല്‍ രാഹുലിന് പകരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്നൊരു ആവശ്യവും ട്വിറ്ററില്‍ ആരാധകര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
കെ എല്‍ രാഹുല്‍ ഒരിക്കല്‍ക്കൂടി സമ്പൂര്‍ണ ബാറ്റിംഗ് ദുരന്തമായപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സൂപ്പര്‍-12 മത്സരം ടീം ഇന്ത്യ തോറ്റു. പെര്‍ത്തിലെ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് പ്രോട്ടീസ് വിജയം. ഇന്ത്യയുടെ 133 റൺസ് രണ്ട് പന്ത് ശേഷിക്കേ ദക്ഷിണാഫ്രിക്ക മറികടന്നപ്പോള്‍ ബാറ്റിംഗില്‍ ഡേവിഡ് മില്ലറും(46 പന്തില്‍ 59), ഏയ്‌ഡന്‍ മാര്‍ക്രമും(41 പന്തില്‍ 52), ബൗളിംഗില്‍ ലുങ്കി എന്‍ഗിഡിയും(29-4), വെയ്‌ന്‍ പാര്‍നലും(15-3) നിര്‍ണായകമായി. എന്‍ഗിഡിയുടെ മിന്നും സ്‌പെല്ലിന് പിന്നാലെ കില്ലര്‍ മില്ലറുടെ ഫിനിഷിംഗാണ് ഇന്ത്യക്ക് ഏറ്റവും തലവേദന സൃഷ്‌ടിച്ചത്. ഈ ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.
ട്വന്‍റി 20 ലോകകപ്പ്: അപൂര്‍വ നേട്ടത്തില്‍ വിരാട് കോലി; 16 റണ്‍സ് കൂടി നേടിയാല്‍ ശരിക്കും കിംഗ്