ബംഗ്ലാ കടുവകളെ കൂട്ടിലടച്ച ഇന്ത്യന്‍ വിജയം; ആഘോഷമാക്കി ആരാധകരും മുന്‍താരങ്ങളും
ലോകകപ്പിലെ നിർണായകമായ വിജയമായതിനാല്‍ ബംഗ്ലാ കടുവകളെ കൂട്ടിലടച്ച ഇന്ത്യ വിജയം ആരാധകരും മുന്‍താരങ്ങളും വന്‍ ആഘോഷമാക്കി
അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകളിലേക്ക് ബാറ്റ് വീശാന്‍ ടീം ഇന്ത്യക്ക് വിജയം അനിവാര്യമായ മത്സരമായിരുന്നു ബംഗ്ലാദേശിനെതിരായത്. മത്സരത്തില്‍ ഒരുവേള ബംഗ്ലാദേശ് ഓപ്പണർമാർ ഇന്ത്യന്‍ താരങ്ങളെയും ആരാധകരേയും ചക്രശ്വാസം വലിപ്പിച്ചതോടെ മത്സരത്തിന്‍റെ ആവേശവും ആകാംക്ഷയും നെഞ്ചിടിപ്പുമേറി. ഒടുവില്‍ കെ എല്‍ രാഹുലിന്‍റെ വണ്ടർ ത്രോയും അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ നിർണായക ഓവറുകളും പിന്നിട്ട് ഇന്ത്യ മഴനിയമപ്രകാരം അഞ്ച് റണ്‍സിന്‍റെ മെഞ്ചുള്ള വിജയം കരസ്ഥമാക്കുകയായിരുന്നു.
അർഷ്ദീപിന്‍റെ അവസാന ഓവറില്‍ 20 റണ്‍സാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ നൂരുല്‍ ഹസന്‍ സിക്സർ നേടിയതോടെ ഇന്ത്യയൊന്ന് വിറച്ചു. പക്ഷേ പിന്നീട് ശക്തമായ തിരിച്ചുവരവുമായി അർഷ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തി. ലോകകപ്പിലെ നിർണായകമായ ജയമായതിനാല്‍ ബംഗ്ലാ കടുവകളെ കൂട്ടിലടച്ച ഇന്ത്യ വിജയം ആരാധകരും മുന്‍താരങ്ങളും വന്‍ ആഘോഷമാക്കി.
മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന സ്കോറില്‍ തളയ്ക്കുകയായിരുന്നു. 7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളേയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്. 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റണ്‍സ് നേടിയ ഓപ്പണർ ലിറ്റണ്‍ ദാസിനെ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ കെ എല്‍ രാഹുല്‍ നേരിട്ടുള്ള ത്രോയില്‍ മടക്കിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരികെവന്നത്. പിന്നാലെ ഓവറില്‍ രണ്ട് വീതം വിക്കറ്റുകളുമായി അർഷ്ദീപും ഹാർദിക്കും ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇരട്ടിയാക്കുകയായിരുന്നു.
നേരത്തെ കെ എല്‍ രാഹുല്‍(32 പന്തില്‍ 50), വിരാട് കോലി(44 പന്തില്‍ 64*), സൂര്യകുമാർ യാദവ്(16 പന്തില്‍ 30) എന്നിവരുടെ കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 184 റണ്‍സ് നേടി. നായകന്‍ രോഹിത് ശർമ്മ രണ്ടിനും ഹാർദിക് പാണ്ഡ്യ അഞ്ചിനും ദിനേശ് കാർത്തിക്കും അക്സർ പട്ടേലും ഏഴ് റണ്‍സ് വീതമെടുത്തും പുറത്തായി. കോലിക്കൊപ്പം ആർ അശ്വിന്‍(6 പന്തില്‍ 13) പുറത്താവാതെ നിന്നു.
ബംഗ്ലാ കടുവകളെ എറിഞ്ഞിട്ടു; ട്വന്‍റി 20 ലോകകപ്പില്‍ സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ